Sunday, February 4, 2007

പത്താം ക്ലാസ്സില്‍ വച്ചൊരു മുച്ചീട്ട്‌ കളി

കാലഘട്ടത്തിന്റെ അനിവാര്യതയായി ഞാന്‍ പത്താം ക്ലസ്സിലേക്ക്‌ കാലുകുത്തിയപ്പോഴാണ്‌ സുഖസൗകര്യ ദേവതകള്‍ തുറന്നിട്ട ജീവിതത്തിലേക്ക്‌ മുട്ടി നോക്കാതെ കടന്ന്‌ വരുന്നത്‌.

അതു വരെ എന്റെ ന്യായമായ ആവശ്യങ്ങള്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്‍ഡ്യയുടെ ആവശ്യങ്ങള്‍ പോലെ ഡയരക്റ്റ്‌ ട്രാഷ്‌ കാനില്‍ എത്തിപ്പെടുകയായിരുന്നു പതിവെങ്കില്‍ പത്തിലെത്തിയപ്പോള്‍ ഞാന്‍ വീറ്റോ പവറുള്ളൊരു അമേരിക്കന്‍ ശക്തിയായി മാറി.

വീട്ടില്‍നിന്നും മൂന്നു ലൈറ്റ്‌ വെയ്റ്റ്‌ പക്ഷികള്‍ ചിറകൊടിയാതെ ഇതിനു മുന്‍പേ പത്താം ക്ലാസ്‌ പറന്നിരുന്നുവെങ്കിലും നമ്മുടെ പൂര്‍വകാല ടേക്‌ ഓഫ്‌ പ്രശ്നം കാരണം പത്താം മാസത്തിലെത്തിയ ഗര്‍ഭിണിയെപ്പോലെ വീട്ടുകാരും നാട്ടുകാരും പ്രത്യേക പരിഗണന തന്നു സഹായിച്ചു.

"ദേ ഇവന്‍ ഇക്കൊല്ലം പത്താം ക്ലാസ്സാ," എന്നു പറഞ്ഞ്‌ നാട്ടുകാരും "സൂക്ഷിച്ച്‌ മോനെ" എന്നു പറഞ്ഞ്‌ വീട്ടുകാരും ബഹുമാനപുരസ്സരം ഒറ്റവരമ്പിലൂടെ നടക്കുമ്പോള്‍ വഴിമാറിത്തന്നു.

വൈകുന്നേരത്തെ ചായക്കുള്ള പാലില്‍ നിന്നും കാല്‍ ഗ്ലാസ്‌ പാല്‍ എനിക്കായി മാറ്റിവക്കപ്പെട്ടു.

എന്റെ ചിരകാല അഭിലാഷമായിരുന്ന ടേബിള്‍ ലാമ്പ്‌ വാങ്ങിക്കപ്പെട്ടു.

ചായക്കടയില്‍ ഗ്ലാസ്‌ കഴുകാന്‍ നിന്നവന്‌ ലോട്ടറി അടിച്ച്‌ അവന്റെ സ്വന്തം പുതു ചായക്കടയില്‍ നിന്ന്‌ പഴയ മുതലാളിയെ നോക്കി 500ന്‌ ചേഞ്ചുണ്ടോ എന്നു ചോദിക്കും പോലെ പ്രീ-ഡിഗ്രിക്ക്‌ പഠിക്കുന്ന ചേട്ടനോട്‌ അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചു കളിച്ചു രസിച്ചു.

നാട്ട്‌ വൈദ്യന്‍ കുറുപ്പാശാന്‍ മരണപ്പെട്ട്‌ പോയൊരു കര്‍ക്കിടക മാസത്തിലാണ്‌ എന്റെ കുടക്കൊരു വിള്ളല്‍ കാണപ്പെട്ടതും ഞാനൊരു പുതു കുടക്ക്‌ നിവേദന സമര്‍പ്പിച്ചതും.

സാധാരണഗതിയില്‍ അതൊന്ന്‌ റിപ്പേര്‍ ചെയ്ത്‌ രണ്ടു കൊല്ലം കൂടി ഓടിക്കാനുള്ള ഓര്‍ഡര്‍ വരുമായിരുന്നെങ്കിലും ആവശ്യങ്ങളായ അവശ്യങ്ങളെല്ലാം കേന്ദ്രത്തില്‍ എത്തുന്നതിന്‌ മുന്‍പേ പാസ്സായി കിട്ടിയിരുന്ന അക്കാലത്ത്‌ എന്റെ നിവേദനം അനുഭാവപൂര്‍ണം പര്‍ഗണിക്കപ്പെടുകയും ഫണ്ട്‌ അനുവദിക്കപ്പെടുകയും ചെയ്തു.

അങ്ങനെ കുട വാങ്ങിക്കാന്‍ കിട്ടിയ 50രൂപ മൂലധനവുമായി പട്ടണത്തില്‍ വന്നിറങ്ങിയ ഞാന്‍ റെയില്‍വേയ്‌ സ്റ്റേഷന്‍ പരിസരത്ത്‌ മൂത്രപ്പുര എന്നെഴുതി വെക്കാത്ത സ്ഥലത്ത്‌ മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോളാണ്‌ സംഭവം കണ്ടത്‌.

മുച്ചീട്ട്‌ കളി.

കബഡിയോ ഫുട്ബാളോ പോലെ തടി കേടാക്കുന്ന ഒന്നും ഇതിലില്ലാത്തതിനാല്‍ ഞാനൊരു കളിക്കാരനായി മാറാന്‍ എനിക്കധിക സമയം നോക്കിനിക്കേണ്ടി വന്നില്ല.

50ക. യില്‍നിന്നു ഒരു 75ക. ആയാ മതി. നമുക്ക്‌ അത്യാഗ്രഹങ്ങള്‍ ഒന്നുമില്ല. സൈക്കിളിന്‌ രണ്ട്‌ ഹേന്‍ഡിലിലും സ്റ്റൈയിലന്‍ ബെല്ല്‌ പിടിപ്പിക്കണം. മുടി ചുരുളയാക്കാന്‍ ഉപകരിക്കുന്ന മുള്ളന്‍പന്നി ടൈപ്പ്‌ ചീര്‍പ്പൊന്നു വാങ്ങണം. അത്ര തന്നെ.

പ്രതീക്ഷകളും കടന്ന്‌ 85 ആയപ്പേ്പ്പാഴെങ്കിലും നിര്‍ത്തേണ്ടതായിരുന്നു. കളിയില്‍ രസം കയറിപ്പോയി, ക്യാ കരൂ. ഇത്തരം അത്യാധുനിക മണി മേകിംഗ്‌ സംവിധാനങ്ങള്‍ നമ്മുടെ പഞ്ചായത്തിലില്ലാത്തതില്‍ കുറച്ചൊരു ദുഖം തോന്നി. ഇനി എപ്പോഴെങ്കിലും ടൗണില്‍ വന്നാല്‍ ഇതെന്റെ സ്ഥിരം പ്ലേ പാര്‍ക്കായിരിക്കണമെന്ന്‌ തീര്‍ച്ചപെടുത്തി. കളിയില്‍ ലയിച്ച്‌ വഴിസ്ഥലം മറന്നു പോവരുതെന്ന്‌ ഞാന്‍ എന്നെ പ്രത്യേകം താക്കീത്‌ ചെയ്തു.

പെട്ടന്നാണ്‌ കാര്യങ്ങള്‍ കീഴേല്‍ മറിഞ്ഞത്‌. 50 രൂപാ 25 ആയി. കളി നിര്‍ത്തിപ്പേ്പ്പാണോ അതോ വീണ്ടും കളിക്കണോ? 25 രൂപ കൊണ്ട്‌ എന്തായാലും കുട വാങ്ങാന്‍ പറ്റില്ല. എന്തു ചെയ്യും. ഫുള്‍ ടൈം കണ്‍ട്രോള്‍ വേണ്ട പാണ്ടവന്മാര്‍ക്ക്‌ പോലും നിര്‍ത്താന്‍ പറ്റിയിട്ടില്ല, പിന്നയല്ലേ നമ്മള്‍ക്ക്‌. ഏതായാലും മുതല്‌ തിരിച്ചു പിടിക്കുന്നതുവരെ കളിക്കാം എന്നു തീരുമാനിച്ച്‌ വീണ്ടും കളിച്ചു. ഒടുവില്‍ കമ്പ്ലീറ്റ്‌ മൂലധനവും മറ്റേ മൂലക്കായപ്പോള്‍ വനവാസത്തിന്‌ ടൈമായി എന്ന അശരീരി കേട്ട്‌ ഞാന്‍ മടങ്ങി.

തിരിച്ച്‌ വരുമ്പോള്‍ ആരെയാണിതിന്‌ ബലിയാടാക്കുക എന്നാലോചിച്ച്‌ തല പുകച്ചു. കോണ്‍ക്രീറ്റ്‌ കള്ളങ്ങള്‍ക്ക്‌ മാത്രമേ അച്ഛന്റെ മുന്‍പില്‍ നിലനില്‍പ്പുണ്ടാവൂ.

വാങ്ങിയ കുട ബസില്‍ വച്ചു മറന്നു പോയി എന്നു പറയണോ അതോ തട്ടിപ്പറിക്കപ്പെട്ട്‌ പോയി എന്നു പറയണോ?

കുട വാങ്ങാന്‍ പോയ ഞാന്‍ മഴയും നനഞ്ഞ്‌ വരുന്നത്‌ കണ്ട അമ്മയോട്‌ സംഭവത്തിന്റെ 'നിജ' സ്ഥിതി വെളിപ്പെടുത്തി.

"പൈസ പോക്കറ്റടിക്കപ്പെട്ട്‌ പോയി"

"ഞാന്‍ അപ്പഴേ പറഞ്ഞതാ എട്ടും പൊട്ടും തിരിയാത്ത ഈ ചെക്കനെ ടൗണിലേക്ക്‌ വിടണ്ട എന്ന്‌. കേക്കണ്ടേ." അമ്മ ഏട്ടന്മാരോട്‌ ചൂടായി.

"ഇനിയിപ്പം അച്ഛന്‍ വന്നാല്‍ കിട്ടട്ടെ നല്ലോണം."

വളരെ ചെറിയ കുറ്റങ്ങള്‍ക്ക്‌ പോലും വലിയ ശിക്ഷകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ചേട്ടന്മാര്‍ അവ മത്സരിച്ചു വിളമ്പി എന്നെ പേടിപ്പിച്ചു.

ശിക്ഷാവിധി കാത്തിരിക്കുന്നതാണ്‌ ശിക്ഷ അനുഭവിക്കുന്നതിനേക്കാള്‍ പ്രയാസമെന്ന്‌ അന്നെനിക്ക്‌ മനസിലായി. എവിടെ നിന്നോ കേള്‍ക്കുന്ന ടിക്‌ ടിക്‌ ശബ്ദം തട്ടിന്‍പുറത്ത്‌ വീഴുന്ന മഴയുടെതാണോ അല്ല എന്റെ നെഞ്ചിനകത്തു നിന്നു തിരിഞ്ഞു കളിക്കുന്ന പേടികുട്ടന്റെതാണോ എന്നറിയാതെ ഞാന്‍ കുഴങ്ങി.

എന്നാല്‍ വീട്ടിലുള്ള എല്ലാവരെയും എന്തിന്‌ തൂണിനെയും തുരുമ്പിനെയും അമ്പരപ്പിച്ചുകൊണ്ട്‌ അച്ഛന്‍ ദേഷ്യപ്പെട്ടില്ല. ഈ പത്താം ക്ലാസ്സിന്റെ ഒരോരോ ഉപയോഗങ്ങളേയ്‌!

ഉത്സവകാലവും സന്തോഷകാലവും അധികം നീണ്ടുനിക്കില്ലല്ലോ, വെറും 2 ദിവസം. സംശയാസ്പദമായ സാഹചര്യത്തില്‍ അച്ചൂസിനെ സ്റ്റേഷന്‍ പരിസരം കാണപ്പെട്ടു എന്ന ഒരു സി.ഐ.ഡി റിപ്പോര്‍ട്ടിന്റെ പുറത്ത്‌ തികച്ചും അശാസ്ത്രീയമായി മൂന്നാം മുറയില്‍ ഞാന്‍ ചോദ്യം ചെയ്യപ്പെടുകയും ശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്തു.

ഇതിനൊക്കെക്കൂടി കഷ്ടിച്ച്‌ അര മണിക്കൂറേ എടുത്തുള്ളുവെങ്കിലും ശിക്ഷാ കാഠിന്യം കാരണം അതിന്റെ എഫ്ഫക്റ്റ്‌ തുടര്‍ന്നങ്ങോട്ടുള്ള ജീവിതത്തില്‍ മുഴച്ചു നില്‍ക്കുകയും മുച്ചീട്ട്‌ എന്ന വാക്ക്‌ എന്റെ ഡിക്ഷനറിയില്‍ നിന്നും ഡിലീറ്റ്‌ ചെയ്യപ്പെടുകയും ചെയ്തു.

7 comments:

Achoos said...

നമ്മുടെ പഴയ "സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചൊരു മുച്ചീട്ടു കളി" മാറ്റിപ്പിടിപ്പിച്ചതാണിത്‌. നാട്ടിലെയും സാന്‍ഫ്രാന്‍സിസ്കോയിലെയും കളി ഒന്നിച്ചെഴുതിയെതു മിക്സായില്ലത്രേ. ജിലേബി മീന്‍കറിയില്‍ മുക്കി കഴിച്ച പോലെയുണ്ടെന്നാണ്‌ വായിച്ച ചിലര്‍ പറഞ്ഞത്‌. അതുകൊണ്ട്‌ നാട്ടിലെ കളി മാത്രം ഇവിടെ എഴുതുന്നു.

ഇതിനു മുന്‍പിത്‌ വായിച്ചവര്‍ ദയവു ചെയ്ത്‌ ക്ഷമിച്ചാലും.

സ്നേഹിതന്‍ said...

"ദേ ഇവന്‍ ഇക്കൊല്ലം പത്താം ക്ലാസ്സാ," എന്നു പറഞ്ഞ്‌ നാട്ടുകാരും "സൂക്ഷിച്ച്‌ മോനെ" എന്നു പറഞ്ഞ്‌ വീട്ടുകാരും ബഹുമാനപുരസ്സരം ഒറ്റവരമ്പിലൂടെ നടക്കുമ്പോള്‍ വഴിമാറിത്തന്നു.

മുച്ചീട്ട് കളി നഷ്ടം വന്നാലും ഇത് വായിച്ച എനിയ്ക്ക് നഷ്ടം തോന്നിയില്ല.

അച്ചൂസ് കളി രസിച്ചു.

G.MANU said...

Cheettu history kalakki

മുസ്തഫ|musthapha said...

"...റെയില്‍വേയ്‌ സ്റ്റേഷന്‍ പരിസരത്ത്‌ മൂത്രപ്പുര എന്നെഴുതി വെക്കാത്ത സ്ഥലത്ത്‌ മൂത്രമൊഴിച്ചു തിരിച്ചു വരുമ്പോളാണ്‌..."

:))

അനുഭവത്തെ നല്ല സുന്ദരക്കുട്ടപ്പനായി പകര്‍ത്തിയിരിക്കുന്നു.

നന്നായിരിക്കുന്നു പോസ്റ്റ് :)

Unknown said...

ഒരിക്കല്‍ ലൂപ് ഹോള്‍ കിട്ടി ഊരിയ ക്രൈം രണ്ടാമത് സമ്മതിക്കണമങ്കില്‍ കുറച്ച് പാടാണ്. നല്ല പെട കിട്ടിക്കാണുമല്ലേ? :-)

Achoos said...

സ്നേഹിതന്‍: നന്ദി. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

ജെ.കെ.ആര്‍. : നന്ദി വായിച്ചതിനും തുറന്നെഴുതിയതിനും. അടുത്തത്‌ നന്നാക്കാന്‍ ശ്രമിക്കാം. നമ്മുടെ കൈയിലൊക്കെ ഇത്ര മരുന്നേ ഉള്ളൂ എന്നതാണ്‌ ഒരു സത്യം.

മനു: നന്ദി.

അഗ്രജന്‍: നന്ദി. ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

ദില്‍ബാസുരന്‍: നന്ദി. സത്യമാണ്‌. പക്ഷെ പിന്നീടാലോചിച്ചപ്പം അതു നന്നായി എന്ന്‌ തോന്നുന്നു.

വേണു venu said...

വനവാസത്തിലേയ്ക്കുള്ള യാത്ര, വളരെ രസകരമായി എഴുതിയിരിക്കുന്നു.