Monday, March 26, 2007

സ്വയം തൊഴി(ല്‍) കണ്ടെത്തെല്‍

പരമ്പരാഗതമായി ഫുട്ബാള്‍ രക്തം സിരകളിലോടുന്നില്ലെങ്കിലും എന്റെ ചെറുപ്പ കാലത്ത്‌ വല്ലപ്പോഴും ക്രിക്കറ്റ്‌ കളിക്കുന്നതൊഴിച്ചാല്‍ വര്‍ഷത്തിന്റെ മിക്കവാറും സമയം ഫുട്ബാള്‍ തന്നെയായിരുന്നു പ്രധാന കളി.

അന്നൊക്കെ, യു. പി., ഹായ്‌ സ്കൂള്‍ കാലഘട്ടങ്ങളില്‍ പ്രത്യേകിച്ച്‌, എവിടെയെങ്കിലും കുറച്ച്‌ സ്ഥലം കിട്ടിയാല്‍, അതിപ്പം വീടിന്റെ മുറ്റത്തായാലും, ഇറയത്തായാലും "നിന്റെ പോസ്റ്റില്‍ ഗോളടിക്കട്ടെ" എന്നും പറഞ്ഞ്‌ എന്തെങ്കിലും സാധനം വീണുടയുന്നതു വരെയോ അല്ലെങ്കില്‍ വീട്ടിലെ കാര്‍ന്നോര്‍ "പോയി പഠിക്കീനെടാ" എന്നും പറഞ്ഞ്‌ നമ്മുടെ പുറത്ത്‌ ഗോളടിക്കുന്നത്‌ വരേയോ ഇങ്ങനേ കളിച്ച്‌ കൊണ്ടേയിരിക്കും.

കോളേജിലെത്തിയപ്പോഴേക്കും വര്‍ക്ക്‌ ഏരിയ വികാസം പ്രാപിച്ച്‌ വീടിനടുത്തുള്ള പബ്ലിക്‌ കോളേജ്‌ ഗ്രൗണ്ടായി മാറിയപ്പോഴാണ്‌ ഫുട്ബാള്‍ ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘട്ടം പിറന്നത്‌.

പുതിയ ടെര്‍ംസ്‌, പുതിയ ടെക്നിക്കുകള്‍...ആദ്യമായി 'ലൈനില്‍' നിന്ന്‌ വാങ്ങിച്ചോ എന്നു കേട്ടിട്ട്‌ "ഏത്‌ ലൈനാ ചേട്ടാ " എന്നു ബഹുമാനത്തോടെ ചോദിച്ചതിന്‌ 'മ' ചേര്‍ത്ത്‌ മറുപടി കിട്ടിയതില്‍പ്പിന്നെ സൗമ്യത എന്ന പരിപാടി ഈ കളത്തിനാവശ്യമില്ല എന്നു മനസിലായി.

'ലൈനില്‍ നിന്നും എടുത്തോ', 'തന്നിട്ട്‌ പോട്‌', 'തന്നിട്ട്‌ പോടാ', 'തന്നിട്ട്‌ പോടാാ‍ാ‍ മയി*ഏ' തുടങ്ങിയ ബാള്‍ പാസ്സിങ്ങിന്റെ പുതിയ വാചകങ്ങള്‍ എന്റെ വൈകുന്നേരങ്ങളില്‍ നിറഞ്ഞു നിന്നു തുടങ്ങി. ഇത്തരം വാചകങ്ങള്‍ പറയുന്നവനും, കേള്‍ക്കപ്പെടുന്നവനും തമ്മിലുള്ള കളിയിലെ കഴിവനുസരിച്ച്‌ മാറിക്കൊണ്ടേയിരിക്കുന്നതുകൊണ്ട്‌ മൂക്കത്തും മുടിയിലും അരിശമുള്ള സുരേഷാട്ടന്റെ ടീമില്‍ ആവരുതെന്ന്‌ പ്രാര്‍ഥിക്കും. അല്ലെങ്കില്‍ ഗിരീഷ്‌ ഫൗള്‍ കുമാര്‍ നമ്മളുടെ ടീമില്‍ തന്നെ വരണമെന്ന്‌ ആഗ്രഹിക്കും.

സംഭവം എന്തായാലും, അതിപ്പം കലപില കൂടിയാലും അടിപിടി കൂടിയാലും, മിക്കവാറും അടപ്പൂരുന്നത്‌ വരെ വിയര്‍പ്പില്‍ക്കുളിച്ചവശരാവുമെങ്കിലും പിറ്റേ ദിവസവും തുടരും വര്‍ധിതാവേശത്തോടെ ആ മഹാമേള.

അധ്വാനമേ സംതൃപ്തി.

എന്നാല്‍ ഫിറോസ്ഷാ കോട്‌ലാ മൈതാനത്ത്‌ ഡിസമ്പറിന്റെ തണുത്ത വെളുപ്പാന്‍ കാലത്ത്‌ ശരീരമാസകലം വെള്ളയില്‍ മൂടി തണുപ്പകറ്റാന്‍ അതിന്റെ പുറത്ത്‌ ഒരു "വി" ഷെയിപ്‌ സ്വെറ്ററുമിട്ട്‌ ബോളിനു വേണ്ടി സ്ലിപ്പില്‍ കാത്തു നില്‍ക്കുന്ന ഗാവസ്കര്‍, വെങ്ങ്‌ സര്‍ക്കാര്‍ തുടങ്ങിയ ജനങ്ങളെ ദൂരദര്‍ശന്‍ ലൈവായി കാണിക്കാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ നാട്ടില്‍ ഫുട്ബാളില്‍ നിന്നും ക്രിക്കറ്റിലേക്കുള്ള ആട്രീഷന്‍ റേറ്റ്‌ വര്‍ധിച്ചു.

ദേഹമനങ്ങാന്‍ പാടില്ലാത്ത കളിയെന്ന്‌ വിശ്വസിച്ച്‌ വയസ്കരും മധ്യവയസ്കരും ക്രിക്കറ്റ്‌ കളിക്കുന്നവരെ പിത്തം പിടിച്ചവരെന്ന്‌ മുദ്ര ചാര്‍ത്തിയപ്പോള്‍ ഇതൊന്നും വയസ്സന്മാര്‍ക്ക്‌ പറഞ്ഞ കളിയല്ല മക്കളേ എന്ന്‌ പറഞ്ഞ്‌ യുവാക്കള്‍ തിരിച്ചടിച്ചു.

അങ്ങനെ സിസറില്‍നിന്നും വില്‍സിലേക്കുള്ള കൊഴിഞ്ഞു പോക്ക്‌ പോലെ ഫുട്ബാള്‍ കളിക്കാര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഭൂരിപക്ഷമല്ലാതായിത്തുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ്‌ ലക്കി സ്റ്റാര്‍ മുന്‍ പ്ലേയറും സതീഷിന്റെ അമ്മാവനുമായ ശ്രീ ശ്രീധരാട്ടന്‍ ഗള്‍ഫില്‍ നിന്നു എല്ലാം മതിയാക്കി 'ഗള്‍ഫ്‌ റിട്ടേണ്‍' എന്ന ലേബലൊട്ടിച്ച്‌ നാട്ടിലെത്തിയത്‌. ഇഷ്ടം പോലെ കാശ്‌, മേഞ്ഞു തിന്നാന്‍ അധികം കിടാങ്ങളുമില്ല.

വേറെ പ്രത്യേകിച്ച്‌ പണിയൊന്നുമില്ലാത്തതിനാല്‍ ജനിച്ചു വളര്‍ന്ന നാടിനു വേണ്ടി എന്തെങ്കിലും ചെയ്യാം എന്നു വിചാരിച്ചാണ്‌ മൂപ്പര്‍ കേരളാ ബ്രില്ലിയന്റ്‌ ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്ബിന്റെ സാരഥ്യം എറ്റെടുക്കുന്നത്‌. അതോട്‌ കൂടി ക്ലബ്ബിന്‌ അതിന്റെ ചരിത്രത്തില്‍ ഇതു വരെ കാണാത്തൊരുതരം ഉത്തേജനം കിട്ടി.

ഉത്തേജനം എന്നു പറഞ്ഞാല്‍ സാമ്പത്തികമായ ഉത്തേജനം. അതിനെത്തുടര്‍ന്ന്‌ പല മത്സരങ്ങളിലും ക്ലബ്ബിന്റെ നിഴല്‍ കണ്ടു തുടങ്ങി. പുറമേ കളിക്കുന്നവര്‍ക്കും ബെഞ്ചിലിരുന്നവര്‍ക്കും നല്ല ഭക്ഷണവും കിട്ടിത്തുടങ്ങി. ഇതൊക്കെ കാരണം പഴയ പല പടക്കുതിരകളും ഫുട്ബാളിനെ വീണ്ടും സ്നേഹിച്ചു തുടങ്ങി.

എന്നാല്‍ അവരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ട്‌ ഞാനുള്‍പ്പടെ നാലു യുവജനങ്ങളെ നോക്കിക്കൊണ്ട്‌
"വളര്‍ന്ന്‌ വരുന്ന ഈ തലമുറയിലാണ്‌ എന്റെ പ്രതീക്ഷ" എന്നു ശ്രീധരാട്ടന്‍ പ്രഖ്യാപിച്ചു

"ഇവരിലൊരാള്‍ക്ക്‌ കെല്‍ട്രോണില്‍ ജോലി വാങ്ങിച്ച്‌ കൊടുക്കും"

കെല്‍ട്രോണില്‍ ഫുട്ബാള്‍ ക്വാട്ടയില്‍ ജോലി എന്ന്‌ കേട്ടതോടെ ഞങ്ങളുടെ ആവേശം ബഹിരാകാശത്തിന്റെ നാനാവശത്തേക്കും നെഞ്ച്‌ വിരിച്ച്‌ പാറി നടന്നു.

തൊഴിലില്ലായ്മ, സ്വയം തൊഴില്‍ വായ്പ, ഇക്കാലത്ത്‌ പഠിച്ചിട്ടെന്ത്‌ കാര്യം തുടങ്ങിയ വാചകങ്ങള്‍ വീട്ടിലും നാട്ടിലും നിറഞ്ഞു നിന്ന കാലം.

പഠിച്ചിറങ്ങുമ്പോഴേക്കും ഒരു ജോലി. അതാണ്‌ എല്ലാവരുടെയും ഒരു സ്വപ്നം.

അപ്പോള്‍ പിന്നെ ഇതായാലെന്ത്‌?

ജോലിക്കു ജോലി, കളിക്കു കളി. പോരെ പൂരം.

അങ്ങനെ ഫുട്ബാളില്‍ സ്വയം തൊഴില്‍ കണ്ടെത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

സംഭവം വീട്ടില്‍ ഇപ്പോഴേ പറയണോ അതോ പിന്നീട്‌ പറയണോ? വേണ്ടാ, അപ്പോയിന്റ്‌മന്റ്‌ ലെറ്റര്‍ കാണിക്കാം, അതാ അതിന്റെ ഒരു ഇത്‌.

എന്നാലും ഡിഗ്രിയും കഴിഞ്ഞ്‌ ബാങ്ക്‌ പ്രൊബേഷനറി ഓഫിസര്‍ ആവാന്‍ വേണ്ടി കോമ്പേറ്റെഷന്‍ സക്‌സസ്‌ റിവ്യു ആയി വര്‍ഷാവര്‍ഷം മല്ലിടുന്ന ചേട്ടനെ ഒന്നു ഉപദേശിച്ചേക്കാം. പാവം.

പരിശീലനം തുടങ്ങി. സംഭവം ഇങ്ങനെ ഒരു ഡിസിപ്ലിന്റെ പുറത്ത്‌ ഇത്തരം കളികള്‍ പരിശീലിക്കുമ്പോള്‍ പഴയ ആ ഒരു മജയില്ല എന്നതാണ്‌ സത്യം. മാത്രമോ, കളി കഴിഞ്ഞതിന്‌ ശേഷം സ്റ്റാമിന വര്‍ധിപ്പിക്കാനെന്ന പേരില്‍ ആറു റൗണ്ട്‌ മൈതാനം ഓടണം. അതു കൂടി കഴിയുമ്പോഴേക്കും ശരീരം സാമ്പാറില്‍ വെന്ത കറിവേപ്പിലയാകും.

പക്ഷേ അതൊന്നും "ജോലി" എന്ന ആ മാന്ത്രിക വാക്കിനു മുന്‍പില്‍ ഒന്നുമല്ലാതായി.

അങ്ങനെ ആദ്യത്തെ സെവന്‍സ്‌ ടൂര്‍ണമെന്റ്‌ എത്തിച്ചേര്‍ന്നു. കളി തുടങ്ങി. ശത്രു കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റാണ്‌.

സംഭവം പരിശീലനം പോലെയല്ല. ഇച്ചിരി കട്ടി തന്നെ. നമ്മുടെ പ്രാക്റ്റീസ്‌ ഗ്രൗണ്ടിന്റെ ഇരട്ടിയോളം വരുന്നത്‌ കൊണ്ട്‌ ഓടിയിട്ടെത്തുന്നുമില്ല. എല്ലാവരും താമസിയാതെ കിതച്ചു തുടങ്ങി. അതിന്റെ ലക്ഷണം ഗോളിന്റെ രൂപത്തില്‍ ഞങ്ങളുടെ വലയില്‍ വീണു തുടങ്ങി.

സ്റ്റാമിന അതിന്റെ ആദ്യത്തെ ഇരയെ സദാട്ടന്റെ രൂപത്തില്‍ പുറത്തെത്തിച്ചു. സദാട്ടന്‍ മുന്‍കാല പുലിയാണെങ്കിലും വയസറിയിച്ചാല്‍ പിന്നെ പറഞ്ഞിട്ടെന്ത്‌ കാര്യം?

ഇന്റര്‍വെല്‍ സമയത്ത്‌ ശ്രീധരാട്ടന്റെ വക കിട്ടാനുള്ളത്‌ എല്ലാര്‍ക്കും കിട്ടി. ആരോഗ്യമില്ലാതെ ആയുധം വച്ചു കീഴടങ്ങിയ പുലിയെ കടിച്ചു കീറി.

കാലുകള്‍ വീണ്ടും തേരാ പാര ഓട്ടം തുടങ്ങി. രണ്ടു ഗോളിനു പിന്നിലാണെങ്കിലും ജനങ്ങളുടെ പിന്തുണ ഞങ്ങള്‍ക്കുമുണ്ട്‌.

അവശ കായികതാരങ്ങളാണെങ്കിലും ഇങ്ങനെ ഒരു സപ്പോര്‍ട്ടിന്റെ പുറത്തുള്ള ഒരു മുന്നേറ്റത്തിനൊടുവില്‍ നമ്മുടെ സതീഷിനെ ശത്രുപക്ഷത്തു നിന്നൊരുത്തന്‍ ബ്ലോക്ക്‌ ചെയ്യാന്‍ ശ്രമിച്ചപ്പോളുണ്ടായ വീഴ്ചയില്‍ ഫൗള്‍ വിധിക്കപ്പെട്ടു. സത്യത്തില്‍ അതൊരു ഫൗള്‍ ആയിരുന്നില്ലെങ്കിലും സതീഷ്‌ എഴുന്നേറ്റ്‌ നിന്ന്‌ ബുദ്ധിപൂര്‍വം പരിക്ക്‌ പറ്റിയപോലെ മുടന്തി. ദുഷ്ടന്‍. അതോടെ അവനെ തിരികെ വിളിച്ചു.

അനുവദനീയമായ രണ്ട്‌ സബ്സ്റ്റിട്യുട്ടുകള്‍ അങ്ങനെ കഴിഞ്ഞു. എന്തായാലും ഫൗളില്‍ നിന്ന്‌ കിട്ടിയ ഫ്രീ കിക്ക്‌ കളിയുടെ ഗതിയെ മാറ്റിമറിച്ചു.

ബെക്കാം പ്രശസ്തനാവുന്നതിനു മുന്‍പ്‌ ആരെങ്കിലും ഫ്രീ കിക്കെടുത്ത്‌ ബോള്‍ വലയില്‍ കയറ്റുന്നത്‌ കണ്ടിട്ടുണ്ടെങ്കില്‍ അത്‌ നമ്മുടെ രാഗേഷിന്റെ കാലില്‍ നിന്നുമാണ്‌.

ജീവിതത്തില്‍ മറക്കാന്‍ പറ്റാത്തൊരു കിക്ക്‌.

അളന്നു മുറിച്ച്‌ പറന്നിറങ്ങിയ ബോള്‍, ഗോള്‍കീപ്പെര്‍ക്ക്‌ തൊടാന്‍ പറ്റുമെന്നു തോന്നിച്ചുവെങ്കിലും അങ്ങേരെ അതിവിദഗ്ദമായി കബളിപ്പിച്ചുകൊണ്ട്‌ ബാറിന്റെ ഇടത്തെ മൂലയില്‍ മുങ്ങാം കുഴിയിട്ടപ്പേ്പ്പാള്‍ അതു വരെ കെട്ടി നിന്ന പ്രതീക്ഷകള്‍ രാഗേഷിനെ തോളിലേറ്റി ആകാശെത്തെത്തിച്ചു.

പിന്നീടുള്ള ഒരോ മുന്നേറ്റവും കാണികളുടെ അകാരണമായ പ്രോല്‍സാഹനത്തിന്‌ പാത്രമായത്‌കൊണ്ട്‌ ചോര നീരായതല്ലാതെ ഗോളുകള്‍ മാത്രം പിറന്നില്ല.

അങ്ങനെ കളി തീരാന്‍ ഒന്നൊ രണ്ടോ മിനിറ്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍, മസിലു വേദന വന്നു തിരിഞ്ഞോടാന്‍ പറ്റാതെ, ശത്രു ടീമിന്റെ പെനാല്‍റ്റി ബോക്സില്‍ നിന്നും നടന്നു വരികയായിരുന്ന എനിക്ക്‌ ഒരു മിസ്‌ പാസ്സിലൂടെ ബോള്‍ കിട്ടി. അതൊരു ഓഫ്‌സൈഡ്‌ ആണൊ എന്നു സംശയിച്ചെങ്കിലും അല്ലായിരുന്നു.

എന്റീശ്വരാ ഇതാ ഗോളടിക്കാനുള്ള ഒരു സുവര്‍ണാവസരം. മുന്നില്‍ ഗോളി മാത്രം. ഇത്രയും തുറന്ന ഗോളിനുള്ള സന്ദര്‍ഭം ലോക ഫുട്ബാളില്‍ തന്നെ ആദ്യമായിരിക്കാം.

ഒരു പക്ഷെ ഇതിനു വേണ്ടിയാണോ എനിക്കു കാലില്‍ മസിലു വേദന വന്ന്‌ തിരിച്ചോടാന്‍ തോന്നാതിരുന്നത്‌? ദൈവത്തിന്റെ ഒരോ കളി.

എന്നാല്‍ അടിക്കാനോങ്ങിയ കാല്‍ വിചാരിച്ച പോലെ ചലിക്കുന്നില്ല. ഒന്നാം വട്ടം ഫെയില്‍. അപ്പോഴേക്കും ശത്രു ഡിഫന്‍ഡര്‍ ഓടിയടുക്കുന്നുണ്ട്‌. ജനക്കൂട്ടം നിശബ്ദമായി. അപ്പോഴാണ്‌ അവര്‍ക്കിടയില്‍ നിന്നും ഒരു അലര്‍ച്ച.

"അടിക്ക്‌ നായി*റ്റാ മോനേ"

ഫുട്ബാള്‍ ഭ്രാന്തന്മാര്‍ ലണ്ടനില്‍ മാത്രമല്ല ഇവിടെയും ഉണ്ടെന്ന തിരിച്ചറിവില്‍, ഇനിയും അടിച്ചില്ലെങ്കില്‍ അവരെന്നെ തല്ലിക്കൊന്നേക്കും എന്നു കരുതി എന്റെ സര്‍വശക്തിയുമെടുത്താഞ്ഞടിച്ചു.

ആ അടിയുടെ ശക്തിയില്‍, ഗോള്‍ഫു കളിയില്‍ ബാള്‍ ഉരുണ്ടു പോവുന്നത്രയും മന്ദഗതിയില്‍ ഭൂമിയോട്‌ സൊള്ളി കളിച്ച്‌ "ഉം, അപ്പോ ശരി എല്ലാം പറഞ്ഞ പോലെ, അപ്പറമാ പാക്കലാം" എന്നു പറഞ്ഞ്‌ സാവധാനം ഗോള്‍ കീപ്പറുടെ കയില്‍ എത്തിച്ചേര്‍ന്നു.

കൂവലുകളുടെ ശക്തി താങ്ങാനാവാതെ ഭൂമി പിളര്‍ന്ന്‌ രണ്ടായിപ്പോട്ടെ എന്ന്‌ ആദ്യമായി ആഗ്രഹിച്ച നിമിഷങ്ങള്‍.

അതിന്‌ ശേഷം ജനങ്ങള്‍ കൂടുന്ന ഒരു കളിയും എനിക്കു കളിക്കേണ്ടി വന്നിട്ടില്ല. മറിച്ച്‌ ചേട്ടന്റെ പഴയ കൊമ്പേറ്റെഷന്‍ റിവ്യുവും ഞാനും ഉറ്റ ചങ്ങാതിമാരായി മാറി.

അധികം താമസിയാതെ ശ്രീധരാട്ടന്‍ 'ഗള്‍ഫു റിട്ടേണ്‍' എന്നതിന്റെ അര്‍ത്ഥം മനസിലാവാതെയോ എന്തോ ഗള്‍ഫിലേക്ക്‌ റിട്ടേണ്‍ അടിച്ചു.

കളിയില്‍ വീണ്ടും മജ വന്നു.

പോവുന്നതിന്‌ മുന്‍പ്‌ " മാമ, ഇനിയിപ്പം ഈ കെള്‍ട്രോണിലെ ജോലി??" എന്ന സതീഷിന്റെ ചോദ്യത്തിന്‌ ഇങ്ങനെ മറുപടി കൊടുത്തുവത്രേ.

"എന്തു ജോലി, അതു നിങ്ങളൊന്ന്‌ ഇളകാന്‍ വേണ്ടി നമ്പറിറക്കിയതല്ലെ".

തിരിച്ചു പോയത്‌ അങ്ങേരുടെ ഭാഗ്യം. എന്റേയും.

10 comments:

Achoos said...

രണ്ട്‌ വയസ്‌കാരന്‍ മകന്റെ കൂടെ ബോളിനു പിന്നാലെ ഓടുമ്പോള്‍ മനസ്സിന്റെ താഴേത്തട്ടില്‍ ഉറങ്ങുന്ന ഇത്തരം ഓര്‍മകള്‍ ചിലപ്പോഴെങ്കിലും ഓടിയെത്താറുണ്ട്‌.

Areekkodan | അരീക്കോടന്‍ said...

കൊള്ളാം ഈ സ്വയം തൊഴി

sandoz said...

kollaam..iniyum ezhuthuka..

മുസാഫിര്‍ said...

നന്നായി അച്ചു.അനുഭവങ്ങള്‍ ഇനിയും പങ്കു വക്കുക.

Achoos said...

അരീക്കോടന്‍, സാന്‍ഡോസ്‌, മുസാഫിര്‍, : അഭിപ്രായം രേഖപ്പെടുത്തിയതിന്‌ നന്ദി.

ബയാന്‍ said...

അച്ചൂസ്‌: നല്ല മജ യുണ്ടു; ഇനിയും കാണണം ഈ വക.

jeej said...

അഛൂസേ, നന്നായിട്ടുണ്ട്‌ സ്വയം തൊഴി, നാട്ടില്‍ പന്തു പാടത്തും, കണ്ണ്‍ റോഡിലുമായി ഫുട്ബോള്‍ കളിഛിരുന്ന കുറേ ഛേട്ടന്മാരെ ഓര്‍മ്മ വന്നൂട്ടോ..

Anonymous said...

Free Kick at Pathiraparambu, super :)

Achoos said...

ബയാന്‍, മൈന...
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
അനൊണിയെ മനസിലായി. മൈക്രോസോഫ്റ്റ്‌കാരന്‍ പ്രാസ്‌ അല്ലെ?

എന്റെ ചില സുഹ്രുത്തുക്കളുടെ സംശയം. ക്രിക്കറ്റിനോട്‌ വിരോധം ഉണ്ടോ? ഒരിക്കലും ഇല്ല.

ഞാനറിഞ്ഞടത്തോളം ലോകചരിത്രത്തില്‍ രണ്ട്‌ പേര്‍ മാത്രമേ സ്വന്തം ടീമിനെ അവസാന ബോളില്‍ സിക്സര്‍ അടിച്ച്‌ ജയിപ്പിച്ചിട്ടുള്ളു. ഒന്നു ഞാനും പിന്നെ മറ്റേത്‌ പണ്ടെപ്പോഴോ മിയാന്‍ദാദും.

ഗോള്‍ഫ്‌ കളി തുടങ്ങിയോ? ഇല്ല. ഒരു കൈ നോക്കാന്‍ ആഗ്രഹം ഇല്ലാതില്ല. എല്ലാ സ്പോര്‍ട്സും ഇഷ്ടമാണ്‌.

Sathees Makkoth | Asha Revamma said...

അനുഭവങ്ങള്‍ ഓരോന്നായി എഴുതി വിടൂ അച്ചൂസ്.