Saturday, December 30, 2006

ശ്രീകുമാറും സ്വാമിയേട്ടനും

ആദ്യമായി ബാംഗ്ലൂരു വരുന്ന ആര്‍ക്കും വേണ്ടപ്പെട്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന തങ്കപ്പെട്ട വ്യക്തിയാണു സ്വാമിയേട്ടന്‍. സ്വാമിയേട്ടനോടു ചോദിച്ചാല്‍ അറിയാത്ത ബാംഗ്ലൂര്‍ ഇല്ല. അതിനി ഇങ്ങെത്തലക്കലുള്ള ജാലഹള്ളി അയ്യപ്പ ക്ഷേത്രം ആയിക്കോട്ടെ അല്ല മറ്റേത്തലക്കലുള്ള ബി.പി.ല്‍ ഫാക്റ്ററി, കെ.ര്‍ പുരം ആയിക്കോട്ടെ എവിടെ പോവണം എന്നു പറഞ്ഞാ മതി. ബസ്സ്‌ നമ്പറും, സമയവും എന്തിനു ബസ്സിലെ തിരക്കും വരെ കൃത്യമായി പറഞ്ഞു തരും സ്വാമിയേട്ടന്‍. ഇ.ജി. പുരയിലേയും പരിസരങ്ങളിലെയും ടാക്സി,ഓട്ടോ ഡ്രൈവര്‍സ്‌ പോലും സ്വാമിയേട്ടനോടു വഴി ചോദിക്കുന്നതു അദ്ദേഹത്തിന്റെ പ്രശസ്തി പറഞ്ഞറിയിക്കുന്നു.

മൊബയിലും ലാന്റ്‌ ലൈനും തമ്മിലുള്ള വ്യത്യാസം സിദ്ദാര്‍ത ബസുവിനു പോലും അറിയാതിരുന്ന 90' കളുടെ ആദ്യ പകുതിയിലാണു ശ്രീ ശ്രീകുമാര്‍ ഐ.ടി.ഐയില്‍(ഇന്ത്യന്‍ ടെലെഫോണ്‍ ഇന്റസ്റ്റ്രീസ്‌) ഇന്റര്‍വ്യൂവിനെത്തുന്നതു.

മമ്മൂട്ടിയുടെ സുന്ദരമായ മുഖവും അമിതാഭ്‌ ബചന്റെ ഉയരവും സുരേഷ്‌ ഗോപിയുടെ ഗോപിയുമുള്ള ശ്രീകുമാര്‍ വാക്‌ സാമര്‍ത്യതിലും അഗ്രഗണ്യനായിരുന്നു. ആദ്യ ഇന്റര്‍വ്യൂീല്‍ തന്നെ ജോലി കിട്ടുക എന്ന കാര്യത്തില്‍ ശ്രീകുമാറിനു യാതൊരു സംശയവും ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ക്കതുണ്ടാവാന്‍ കാരണം അങ്ങനെയാണെങ്കില്‍ അതൊരു റെക്കോര്‍ഡു ആയിരിക്കും എന്നതുകൊണ്ടു മാത്രമാണു..

"നിങ്ങള്‍ എനിക്കു വഴി പറഞ്ഞു തരൂ ബാക്കി കാര്യം ഞാനേറ്റൂ."
എന്നു പറഞ്ഞപ്പോള്‍ എല്ലവരും മനസില്‍ പരഞ്ഞു ഇവനാണു ആണ്‍കുട്ടി.

അങ്ങനെ ആകാംക്ഷയുടെ ആണിമുനയിലേക്കു ഞങ്ങളെ തള്ളിയിട്ടു ശ്രീകുമാര്‍ യാത്രയായി.

ഐ.ടി.ഐയിലേക്കു ഞങ്ങള്‍ പറഞ്ഞു കൊടുത്ത വഴി ഒന്നു വെരിഫൈ ചെയ്യാലോ എന്നു കരുതിയാണു ശ്രീകുമാര്‍ സ്വാമിയേട്ടന്റെ ചായക്കട കം എസ്‌.ടി.ഡി ബൂത്തില്‍ കയറിയതു.

"ഓ.കെ. നീ ആദ്യമായി ബാംഗ്ലൂരിലേക്കു വന്നതല്ലേ, കന്നഡ, തമിള്‍, ഹിന്ദി, ഇംഗ്ലീഷ്‌ ഇതില്‍ എതു ലാങ്ങൈജു ആണു നിനക്കു പിടിപാടു?". സ്വാമിയേട്ടന്‍ ശ്രീകുമാറിനോടു ചോദിച്ചു.

"സ്വാമിയേട്ടന്‍ പറഞ്ഞ ലിസ്റ്റില്‍ മലയാളം ഇല്ല അല്ലേ?" ശ്രീകുമാറിന്റെ മറുമൊഴി.

"എനിവേയ്‌ ഇതൊന്നും നിനക്കറിയാത്ത സ്ധിതിക്കു ഇന്‍സ്റ്റ്രക്ഷന്‍സ്‌ ഫോളോ ചെയ്തോളു.
"1. 141 ശിവാജി നഗര്‍ ബസ്സ്‌ പിടിക്കുക."
"2. കണ്ടക്ടറൊടു മേയൊ ഹാള്‍ എന്നു പറയുക"
"3. 1.25 ചില്ലറയായി കൊടുക്കുക. (മൊത്തം ചില്ലറായി കൊടുത്തോളൂ.)"
"4...
"5..."10."

"ഇനി പോകുന്ന വഴിയില്‍ ആരെങ്കിലും നിന്നോടു കന്നടയില്‍ എന്തെങ്കിലും ചോദിച്ചാല്‍ തന്നെയും ഈ ഒരു വാക്കു ഉപയോഗിച്ചാ മതി."

" 'ഗുത്തില്ല'. ഇതിന്റെ മലയാള പരിഭാഷ 'അറിയില്ല' " എന്നാണു.

"ഇനി അധവാ പറയുന്ന ആളോടു ഒരു ഈച്ച ബഹുമാനം കാണിക്കണം എന്നുണ്ടെങ്കില്‍
'ഗുത്തില്ല സാര്‍ ' എന്നു പറഞ്ഞാ മതി".

ഏതു പ്രതിസന്ധിയിലും എടുത്തുപയോഗിക്കന്‍ പറ്റുന്ന ഒരായുധം തന്നതിനു ശ്രീകുമാറിനു സ്വാമിയേട്ടനോടു എന്തെന്നില്ലത്ത മതിപ്പു തോന്നി. ഇനി ജോലി കിട്ടിയില്ലെങ്കിലും സ്വാമിയേട്ടനു ഒരു പാര്‍ട്ടി കൊടുത്തേക്കാം എന്നു തീര്‍ച്ചപെടുത്തുകയും ചെയ്തു.

ബസ്സില്‍ നല്ല തിരക്കുള്ള കാരണം ആളുകളാല്‍ തള്ളപ്പെട്ടു ശ്രീകുമാര്‍ മുന്‍നിരയില്‍ ലേടീസ്‌ കൂട്ടെത്തില്‍പ്പെട്ടു. ഡോക്റ്റര്‍ കല്‍പിച്ചതും രോഗി ഇച്ചിചതും വിസ്കി എന്ന കൂട്ടെത്തില്‍പ്പെട്ടയാളാണെങ്കിലും ഒരു ബാംഗ്ലൂര്‍ സഭാകമ്പം കാരണം എങ്ങും തൊടാതെയും തോണ്ടാതെയും കമ്പിയില്‍ തൂങ്ങി പുറം കാഴ്ചകള്‍ കണ്ടുനിന്നു. കണ്ടക്റ്റര്‍ ടിക്കറ്റ്‌ കൊടുക്കുമ്പോള്‍ ടിക്കറ്റ്‌ നോക്കിക്കൊണ്ടു
"കുറച്ചു പിറകോട്ടുമാറി നിന്നോളൂ"
എന്നു പച്ച മലയളത്തില്‍ പറയാഞ്ഞതിനാല്‍ ഇതൊന്നും നമുക്കു ബാധകമാവില്ല എന്നു കരുതി നിന്ന നില്‍പില്‍ത്തന്നെ നിലയുറപ്പിച്ചു. സെക്കന്റ്‌ റൗണ്ടിനു വന്നപ്പോള്‍ ശ്രീകുമാറിന്റെ അനങ്ങാപ്പാറ നയം കണ്ടു കലി കയറിയ കണ്ടക്റ്റര്‍

"നിന്നോടല്ലെ പിന്നിലേക്കു മാറിനിക്കാന്‍ പറഞ്ഞതു; നീ ആണോ പെണ്ണോ???"

ചോദ്യം കന്നടയിലാണെങ്കിലും വികാരങ്ങളുടെ തീഷ്ണത അറിയാന്‍ ഭാഷ ഒരിക്കലും പ്രശ്നമാവില്ല എന്ന തത്വം വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടു ഇനി രക്ഷയില്ല വജ്രായുധം കൊണ്ടേ ഇതു തടുക്കാന്‍ പറ്റൂ എന്നു വിശ്വസിച്ചു ശ്രീകുമാര്‍ പറഞ്ഞു

"ഗുത്തില്ല"
"ഗുത്തില്ല സാര്‍"

കൊടുങ്കാറ്റിനു മുന്‍പുള്ള 1/4 സെക്കന്റ്‌ നേരത്തെ നിശബ്തതക്കു ശേഷം ബസ്സില്‍ മുഴുവന്‍ കൂട്ടച്ചിരികള്‍ മുഴങ്ങി. ആ സാധു യുവാവിന്റെ മര്‍മ സ്താനത്തെക്കു ചിലര്‍ നോട്ടം എറിഞ്ഞു. ചിലര്‍ കുട കൊണ്ടു കുത്തിക്കൊണ്ടു ചോദ്യചിഹ്നമെറിഞ്ഞു. ഒടുവില്‍

"അയ്യൊ എനിക്കൊന്നും അറിയില്ലായെ, ഞാന്‍ ഒരു മലയാളി ആദ്യമായി ഇവിടെ ഇന്റര്‍വ്യൂവിനു വന്നതാണെ"

എന്നു വിളിച്ചു കൂവുകയും മറ്റൊരു മലയാളിയാല്‍ രക്ഷപ്പെടുകയും ചെയ്തു.

സ്വാമിയേട്ടനെ വിശ്വാസം വരാതെയോ എന്തോ, അന്നു രാത്രി തന്നെ ശ്രീകുമാര്‍ മജെസ്റ്റിക്കില്‍ പോയി "17 ദിവസം കൊണ്ടു കന്നട" പുസ്തകം വാങ്ങുകയും ആദ്യമായി ഗുത്തില്ല എന്നതിന്റെ അര്‍തം നോക്കികണ്ടുപിടിക്കുകയും ചെയതതായി പറയപ്പെടുന്നു.

Monday, December 25, 2006

കളര്‍ സ്വപ്നങ്ങള്‍

അനുഭവങ്ങള്‍ പാളിച്ചകളാകരുതെങ്കില്‍ സ്വപ്നം കാണരുതെന്നു എനിക്കു മനസിലായതു ഇരുപതം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലെ ഏതോ ഒരു ഫെബ്രുവരി മാസത്തിലാണു. അതു വരെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റിലും സ്ലൊ മൊഷൊനിലും ഓടിക്കൊണ്ടിരുന്ന ബാംഗ്ലൂര്‍ മോഹങ്ങള്‍ പൊടുന്നനെ കളറില്‍ ആവുകയും സ്ലൊ മൊഷൊനില്‍ നിന്നു ഫാസ്റ്റ്‌ ഫോര്‍വര്‍ഡിലേക്കു ചിറകു വയ്ക്കുകയും ചെയതതിനു കാരണക്കാരന്‍ മറ്റാരുമായിരുന്നില്ല പ്രിയപ്പെട്ട ശ്രീ പ്രവീണ്‍ കുമാര്‍ ആയിരുന്നു.

അന്നേക്കു ഒരു മൂന്നു മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പു ചേട്ടന്‍ ഒരു എന്‍.ഡി.എ. ടെസ്റ്റ്‌ എഴുതാനെന്നും പറഞ്ഞു മൈസൂരിലേക്കു പോവുകയും ദയനീയമായി പരാജയപ്പെട്ടതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഒരു രണ്ടു ദിവസത്തെ ബാംഗ്ലൂര്‍ ട്രിപ്‌ സംഘടിപ്പിച്ചെടുക്കുകയും അവിടം കറങ്ങി വരുകയും ചെയ്തു. ടെസ്റ്റില്‍ ദയനീയമായി പരാചിതനായലെന്ത്‌ കണ്‍കുളിര്‍ക്കെ ബാംഗ്ലൂര്‍ കണ്ടല്ലൊ എന്നുള്ള അഹങ്കാരവുമായി തിരിച്ചു വന്നെത്തിയ ചേട്ടച്ചാര്‍, ബാംഗ്ലൂര്‍ ഉദ്യാന്‍ നഗര്‍ എന്നറിയപ്പെടാനുള്ള കാരണങ്ങല്‍ ഊൂ‍ണു മേശയില്‍ ഊൂ‍ണു കഴിക്കാതെ പൊടിപ്പും തൊങ്ങലും ചേര്‍ത്തു വിളമ്പുകയും ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ ഇംഗ്ലീഷില്‍ നാലു കാച്ചുമ്പോള്‍ വാ പൊളിച്ച ശ്യാമളെയെപ്പോലെ ഞാന്‍ അതില്‍ ആകൃഷ്ടനവുകയും ചെയ്തു..
"ബാംഗ്ലൂര്‍ ഒരു സിറ്റി തന്നെ മോനെ"
"അംബര ചുംബികളായ ലിഫ്റ്റുകളുള്ള ബില്‍ഡിങ്ങ്സ്‌"
"വിശാലമായ റോഡുകളെ സെപറേറ്റ്‌ ചെയ്യാന്‍ മരങ്ങള്‍, അതിനു പുറമെ റോഡിന്റെ ഇരുവശത്തും കണിക്കൊന്ന ചുവന്ന നിറത്തിലാണൊ വിരിഞ്ചതു എന്നു തോന്നിപ്പിക്കുമാറു ചുവപ്പില്‍ പൂത്തുലഞ്ച നില്‍ക്കുന്ന സസ്യ ജാലകങ്ങള്‍."
"ഏവിടെ തിരിഞ്ചു നോക്കിയാലും കുളിര്‍മ തരുന്ന ഒരു തരം പച്ചപ്പു നിറഞ്ച അന്തരീക്ഷം."
"റോഡ്‌ അടിച്ചു വാരാന്‍ റോഡ്‌ സ്വീപെര്‍സ്‌"
"രാവിലെ ജോഗ്ഗിംഗിനു ആണ്‍,പെണ്‍ ജോഗ്ഗെര്‍സ്‌"
"കുട്ടികള്‍ക്കു കളിക്കാന്‍ പ്ലേ ്‌ പാര്‍ക്സ്‌, വേണമെങ്ങില്‍ വലിയവര്‍ക്കും കളിക്കാം."
"ഇളം തണുപ്പു കലര്‍ന്ന വിയര്‍ക്കാത്ത ബാംഗ്ലൂര്‍, കൂലി പണിക്കാര്‍ക്കു പോലും അവിടം വിയര്‍ക്കില്ലെത്രെ"
"മോനെ നിനക്കു സെലെക്ഷന്‍ കിട്ടിയാല്‍ ബാംഗ്ലൂര്‍ തന്നെയാവുമോടാ പോസ്റ്റിംഗ്‌" എന്ന അമ്മയുടെ ചോദ്യത്തിനു "നിങ്ങളുടെയൊക്കെ ആശീര്‍വാദം ഉണ്ടെങ്ങില്‍ തീര്‍ച്ചയായും കിട്ടും അമ്മെ എന്നല്ലാതെ "ഉം..എനിക്കൊന്നു ആലോചിക്കണം" എന്നു പറഞ്ഞില്ല.

മഞ്ചു വാര്യര്‍ക്കെന്തിനു ദിലീപ്‌, പൊന്നും കുടത്തിനെന്തിനു പൊട്ടു, പ്രവിയുടെ കത്തിലും ഫോണിലും, ബാംഗ്ലൂര്‍ കിളികളെ കുറിച്ചുള്ള വിവരണവും കൂടിയായപ്പോള്‍ അടിക്കാന്‍ പോവുന്ന ലോട്ടറീല്‍ ലക്ഷം രൂപക്കു പുറമെ മാരുതി കാറും ഉണ്ടല്ലോ എന്നോര്‍ത്തു മനം കുളിരുകോരി. വിളി വന്നതിനു ശേഷം ഉള്ള അഞ്ചു ദിനരാത്രങ്ങളില്‍, നോക്കിലും വാക്കിലും, തേപ്പിലും ചീപ്പിലും, നടപ്പിലും ഇരുപ്പിലും,ഒന്നിലും രണ്ടിലും എന്നു വേണ്ട ഊണിലും ഉറക്കത്തിലും വരെ, നാടോടിക്കാറ്റില്‍ വിജയനും ദാസനും കണ്ട ഓവര്‍സീസ്‌ സ്വപ്നങ്ങളോടു മല്‍സരിക്കുമാറു എന്റെ ഉള്ളം കിനാവുകളാല്‍ നിറഞ്ഞു, കര കവിഞ്ഞൊഴുകി.

പി.കെ ബസില്‍ 27ആം നമ്പര്‍ സീറ്റ്‌ ബുക്ക്‌ ചെയ്യപ്പെടുമ്പോള്‍, "ചേട്ടാ ഞാന്‍ ആദ്യമായിട്ടു ബാംഗ്ലൂരിലേക്കു പോവുവാ, ഈ നമ്പര്‍ ഒന്നു മുന്നോട്ടാക്കിത്തരുമോ എന്ന ചോദ്യത്തിനു "പിന്നെന്താ, അതെല്ലാം നമുക്കു ശരിയാക്കം" തീര്‍ച്ചായയും കുറച്ചു സീറ്റ്‌ ക്യാന്‍സല്‍ വരും, അങ്ങനെ വന്നാല്‍ ആ സീറ്റിലോട്ടു മാറിയിരിക്കാം എന്നും പറഞ്ഞപ്പോള്‍, ഓ ഇങ്ങനെയും തങ്കപ്പെട്ട മനുഷ്യ ജന്മങ്ങള്‍ നമുക്കിടയില്‍ ഒളിച്ചിരുപ്പുണ്ടല്ലോ എന്ന എന്റെ മുഖഭാവത്തിനു കൊക്കെത്ര കുളം കണ്ടിരിക്കുന്നു, കുളം എത്ര കൊക്കിനെ കണ്ടിരിക്കുന്നു എന്നാലും കുളം ആണു അധികം കണ്ടതു എന്ന മുഖഭാവത്തോടെ ഒരു ചിരി മറുപടിയായി കിട്ടി.

അങ്ങനെ ആ സുദിനം വന്നെത്തി. അധികം ആഘോഷങ്ങള്‍ ഒന്നും ഇല്ല. അധികം സുഹ്രുത്തുക്കളോടുന്നും പറഞ്ഞിരുന്നില്ല. ഒരു ട്രയല്‍ ആന്‍ഡ്‌ എറര്‍ മെത്തേടാണു ഈ സ്വദേശം വിട്ടുള്ള കളി എന്നു ചേട്ടന്റെ ബോംബെ യത്രയില്‍ നിന്നു പഠിച്ചിരുന്നു. ഗല്‍ഫിലേക്കു പോകാന്‍ ബോംബെ ഒരു ഇടത്താവളം ആയി കണ്ട ചേട്ടന്‍ മാസം ഒന്നു തികയുന്നതിനു മുന്‍പു നാട്ടില്‍ തിരിച്ചെത്താനുള്ള ഹേതു ബോംബെ വെള്ളത്തിനും ചേട്ടന്റെ തലമുടിക്കും എന്തോ കമ്പാറ്റിയബിള്‍ ഇഷ്യൂസ്‌ ഉള്ളെതു കൊണ്ടാണെന്നും, അല്ല കൂടെയുള്ളവരില്‍ പകുതിയും മലമ്പനി ആണോ ടൈഫോയിഡാണോ എന്ന കണ്‍ഫൂഷ്യനില്‍ ഡോക്ടറിന്റെ കുറിപ്പില്ലാതെ രണ്ടിന്റെയും മരുന്നു കഴിച്ചു കരിമ്പടം കൊണ്ടു കാലും തലയും മൂടി 24 മണിക്കൂറും പുതച്ചു കിടക്കുന്നതു കണ്ടു ഇതു പ്രേതമണൊ അല്ല ഇനി പ്രേതം ആവുമോ എന്നു പേടിച്ചിട്ടുമാണെന്നു രണ്ടു സംസാരം ഉണ്ടയിരുന്നു. അമ്മയും മറ്റു കുടുംബാങ്ങഗളും സെക്കന്റ്‌ ചോീ‍യീസ്‌ ഐഛിക വിഷയമാക്കിയപ്പോള്‍ നമുക്കു ഒന്നാമത്തെതു ഇഷ്ടപെടുകയും അതിനു വേണ്ട പ്രചാരം കൊടുക്കുകയും ചെയ്തു. ഏതായാലും ചേട്ടന്‍ തിരിച്ചു വന്നതു നന്നായി എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടായിരുന്നില്ല.

എല്ലാവരൊടും യാത്ര പറഞ്ഞു പിരിയാന്‍ നേരത്തു മനസില്‍ എവിടെയൊ ഒരു തിരിച്ചറിവു. ജീവിത യാത്രയില്‍ ബാല്യവും കൗമാരവും കൊഴിഞ്ഞുപോവുന്നു, ഇനി യൗവനത്തിന്റെ ഉത്തരവാദങ്ങളിലേക്കു. അമ്മയോടു ഇനിയൊരിക്കലും അടി കൂടി പത്തു പൈസ വാങ്ങാന്‍ പറ്റിയെന്നു വരില്ല.

" ഓരു ക്യാന്‍സല്‍ പോലും വരാത്തതിനല്‍ എനിക്കു 27ആം നമ്പര്‍ സീറ്റ്‌ തന്നെ കിട്ടുകയും ഇനി ക്യാന്‍സല്‍ വന്നാല്‍ വേണ്ടതു ചെയ്യാമെന്നും ബോര്‍ഡിംഗ്‌ പാസ്സ്‌ തരുമ്പോള്‍ തങ്കപ്പെട്ട മനുഷ്യന്‍ പറഞ്ഞു. പൂരപ്പറമ്പില്‍ വച്ചു ഒരു കിടക്ക സ്വപ്നം കണ്ടാല്‍ പോലും ഉറങ്ങിപോവുന്ന ആ പ്രായത്തില്‍ നമുക്കു 27ഒ, 37ഒ ആയാലെന്ത്‌? ബസില്‍ കയറിയതും "സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളാണോ", എന്ന പാട്ടു കേട്ടതു കൊണ്ടോ എന്തോ ഒരു പത്തു നിമിഷം കൊണ്ടുറങ്ങിപ്പോയി.

"മജസ്റ്റിക്ക്‌ മജസ്റ്റിക്ക്‌" എന്ന വിളി കേട്ടു ഞെട്ടിയുണര്‍ന്നപ്പോള്‍ സമയം രാവിലെ അഞ്ചര. ബസില്‍ നിന്നിറങ്ങി ഒരു പ്രിലിമിനറി വീക്ഷണം നടത്തി ഉം മൊത്തത്തില്‍ കൊള്ളാം. ഏന്റെ ഉച്ഛ നിശ്വാസങ്ങള്‍ ബാംഗ്ലൂര്‍ അന്തരീക്ഷത്തില്‍ പതിയെ പതിഞ്ഞു തുടങ്ങി. അസയിലം കഴിഞ്ഞു വിമാനം ഇറങ്ങി വരുന്നവര്‍ ചവിട്ടുന്ന ഇടം ചുംബിക്കാറുള്ളതു പോലെ ബാംഗ്ലൂര്‍ ഭൂമി ഒന്നു ചുംബിച്ചാലോ എന്നു സംശയിച്ചു നില്‍ക്കുംബൊഴേക്കും ചുംബന സ്പോട്ടിന്മേല്‍ ഒരു ഓട്ടോ വന്നു കയറി ഇറങ്ങുകയും എന്റെ ചുംബന മോഹം ചതഞ്ഞരഞ്ഞു പോവുകയും ചെയ്തു.

ഇജിപുരയിലെക്കു മജസ്റ്റിക്ക്‌ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നും 146ഇ പിടിക്കുമ്പോല്‍ സമയം ആറു കഴിഞ്ഞിരിന്നു. പ്രവി ആറര മണിക്കു ഇജിപുര ബസ്സ്‌ സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കും എന്നു പറഞ്ഞിരുന്നു. ഒരു അര മണിക്കൂര്‍ കൊണ്ടു ഇജിപുര പിടിക്കും.

വിവേക്‌ നഗര്‍ കഴിഞ്ഞു ബസ്സ്‌ ടാര്‍ റോഡ്‌ വിട്ടു മണ്ണിട്ട റോഡിലേക്കിറങ്ങി. എന്റെ മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. എന്റെ ഈശ്വരന്മാരെ, ബാംഗ്ലൂരിലും ടാറിടാത്ത റോഡോ? ഇനി അതി രാവിലെ 146ഇ ക്കു പകരം 164ഊ ലാണോ ഞാന്‍ കയറിപ്പൊയതു? അല്ല ഡ്രൈവര്‍ ഇനി കാപ്പി കുടിക്കാന്‍ മറന്നു പോയോ, റൂട്ട്‌ മാറിയോ. ബാംഗ്ലൂരില്‍ മണ്ണിട്ട റോഡുകള്‍ ഉണ്ടാവുമൊ ഇനി?? ഛെ അതിനു വഴിയില്ല.ബസ്സില്‍ ആകെ ഒരു 5-6 പേരെ ഉണ്ടായിരുന്നുള്ളൂ... മുന്നിലെ സീറ്റില്‍ ഇരുന്ന ആളോടു ഒന്നു ചോദിച്ചാലോ.... ഞാന്‍ ഇജിപുര എന്നു വായകൊണ്ടും പോവുമോ എന്നു കൈ കൊണ്ടും ചോദിച്ചപ്പൊള്‍ ഉടനെ വന്ന ഒറ്റ വക്കില്‍ ഹാര്‍ഡ്‌ ഡിസ്ക്‌ അടിച്ചുപോയ പോലെ ഞാന്‍ സ്തംബിച്ചു നിന്നുപോയി. ബസ്സ്‌ ഇജിപുരയിലേക്കു തന്നെ.

മണ്ണിട്ട റോഡിലൂടെ ബസ്സ്‌ പതുക്കെയാണു നീങ്ങുന്നതെങ്കിലും പൊടി പടലങ്ങള്‍ കാരണം ഒന്നും വ്യക്തമല്ല.

ഇജിപുര ബസ്സ്‌ സ്റ്റാന്‍ഡില്‍ പ്രവിയെക്കാത്തു നില്‍ക്കുമ്പോള്‍ വന്ന പി. കെ. ബസില്‍ തന്നെ തിരിച്ചു പോണോ അല്ല കെ.എസ്‌.ആര്‍.ടി.ച്‌ പിടിച്ചാ മതിയോ എന്ന കാര്യത്തിലേ സംശയം ഉണ്ടായിരുന്നുള്ളൂ.

പ്രവിയുടെ വീട്ടിലേക്കു പോവുന്ന വഴിയില്‍ തുറന്നിട്ട ഒടകളില്‍ നിന്നുള്ള ദുര്‍ഗന്ധം മൂക്കിലുടെ വലിക്കണോ അല്ല വായിലൂടെ മണക്കതെ വലിക്കണോ എന്ന ഡിലെമ അന്നും എന്നെ പിടികൂടി. ഇനി വായിലൂടെ വലിച്ചിട്ടു രസ മുകുളങ്ങള്‍ അടിച്ചു പോവണ്ട, കോഴിക്കാലുകള്‍സ്‌ ഇനിയും കഴിക്കാനുള്ളതല്ലെ എന്നു കരുതി വളരെ കഷ്ടപെട്ടു മൂക്കില്ലൂടെ തന്നെ കേറ്റുമ്പോള്‍ തിരിച്ചു പോവനുള്ള എന്റെ തീരുമാനം വളരെ ശരിയായി തോന്നി. വീടിന്റെ ഗേറ്റ്‌ തുറക്കാന്‍ തുടങ്ങിയപ്പൊഴെക്കും ഇതേതാ ഒരു ചുള്ളന്‍ പുതിയ അതിദി എന്നു നോക്കുമ്പോലെ ഒരു നോട്ടം നോക്കിയിട്ടു ജീവന്‍ടോണും ശക്തിടോണും ഒരുമിച്ചു കഴിച്ച പോലെയുള്ള ഒരു എലി ഓടയിലെക്കു മുങ്ങാം കുഴിയിടുന്നതു ഒരു തരം നിര്‍വികാരതെയൊടെ നോക്കി നില്‍ക്കാനെ എനിക്കു കഴിഞ്ഞുള്ളൂ. എലിയും പെരിച്ചാഴിയും തമ്മിലുള്ള വ്യത്യാസം അന്നാണറിഞ്ഞതു.

എല്ലാവെരെയും പരിചയപ്പെട്ടു. ഉച്ചക്കുള്ള ഭക്ഷണത്തിനു പുറമെ നിന്നും രണ്ടു ഗടീസ്‌ കൂടെ ഉണ്ടായിരുന്നു.കുക്കിംഗ്‌ ഒരു കലായണെന്നും അതിനു ക്ഷമക്കു പുറമെ ഭാവനയും വേണമെന്നു അമ്മയുടെയും മറ്റുള്ള നാരികളുടെയും വിശ്വാസങ്ങള്‍ ഒരു അന്ധ വിശ്വാസം ആണെന്നും അതില്‍ വിശ്വസിക്കരുതെന്ന ധാരണ മാറ്റി മറിക്കാന്‍ അന്നതെ ലഞ്ച്‌ ഉപകരിച്ചു.. അതു വരെ തേങ്ങായിട്ടു വച്ച കേരള സ്റ്റെയില്‍ കറീസ്‌ കഴിചു ശീലിച്ച എനിക്കു ഒരു പക്ഷെ തോന്നിയതാവാം, കുറച്ചു ചൂടു വെള്ളതില്‍ കുറച്ചു മസാല പൊടിയും കുറച്ചു വെജിറ്റബിള്‍സും. വെള്ളം വേറെ കഷ്ണം വേറെ, മസാല പൊടി വരെ വേറെ. ഞെട്ടിപ്പോയതു അധിതികളായെത്തിയ ഫ്രണ്ട്‌സ്‌ ഇന്റെ കമന്റ്‌ കേട്ടിട്ടാണു. "ഏന്താ പ്രവി ഇന്നു സ്പെഷല്‍ സാംബാര്‍ അടിപൊളി ആയിട്ടുണ്ടു." ഏന്റെ ഈശ്വര ഇതൊരു സ്പെഷല്‍ അയ്റ്റെം ആണങ്ങില്‍ ഇനി സാദാ എന്തായിരിക്കണം. എനിക്കു എന്റെ ചേട്ടനോടു ജീവിതത്തില്‍ ആദ്യമായി ഒരു ബഹുമാനം തോന്നി. മൂപ്പര്‍ ഒന്നാമങ്കത്തില്‍ പരാജയപ്പെട്ടലെന്ത്‌ രണ്ടാം അങ്കത്തില്‍ ബോംബെ കീഴടക്കുകയും വിജയശ്രീലളിതനായി കഴിഞ്ഞ ഓണത്തിനു നാട്ടില്‍ വന്നപ്പോല്‍ ജീവിതത്തില്‍ ആദ്യമായി റെഡിമേട്‌ പാന്റും ഷര്‍ട്ടും ഇടാനുള്ള ഭാഗ്യം കൊണ്ടു വരികയും ചെയ്തില്ലെ.

തിരിച്ചു പോവനുള്ള കാരണം പ്രവിയോടു എന്തു പറയും എന്നു തല പുകഞ്ഞാലോചിക്കുമ്പോള്‍ എന്റെ മനം അവന്‍ റീട്‌ ചെയ്ത പോലെ "എഡാ നിനക്കു റൂം അട്ജസ്റ്റ്‌ ചെയ്‌തതു മറ്റു രണ്ടു മൂപ്പന്മാരെ തട്ടിയിട്ടാണു, നീ കുറെക്കാലം ആയില്ലെ ഇഞ്ഞൊട്ടു മൈഗ്രേറ്റ്‌ ചെയ്യണം ചെയ്യണം എന്നു പറഞ്ഞു കരയുന്നത്‌. ജോലി കിട്ടാന്‍ കുറച്ചു കാലതാമസം ആയാലും നീ ഇവിടത്തന്നെ ഉണ്ടാവണം". അതിന്റെ കൂടെ ഒരു ജനറല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.

"എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടു ദാസാ"

ഏന്റെ സ്വപ്നങ്ങളില്‍ ഉദ്യാന നഗരിയായ ബാംഗ്ലൂരിനു ഒരു തരം ബ്രൂട്ട്‌ പെര്‍ഫ്യൂം പച്ച കളറും(അതിനടുത്തു വരുന്ന മണവും) പുരാണങ്ങള്‍ ഉറങ്ങുന്ന, ചോരകള്‍ ചീന്തപെട്ട ദെല്‍ഹിക്കു ചുവപ്പു കളറും ആണു കൊടുത്തിരുന്നതു. ഇതു വരെയുള്ള ബാംഗ്ലൂര്‍ വച്ചു നോക്കുമ്പോള്‍ കൃഷ്ണാട്ടന്റെ ചായപീടികയിലെ ചായ പാത്രത്തിനും ബംഗ്ലൂരിനും തമ്മില്‍ വലിയ വ്യതാസമില്ല. ഇനി മറ്റു നഗരങ്ങള്‍ക്കും ഇതേ കളര്‍ ആയിരുക്കുമെന്നാരറിഞ്ഞു.

"എങ്ങനെയൊക്കെ തേരാ പാരാ നടന്ന ചെക്കനായിരുന്നു ഇപ്പൊ കണ്ടോ, നാടു വിട്ടപ്പോള്‍ നന്നായില്ലെ" എന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിക്കാനും വളര്‍ന്നു വരുന്ന പുതു തലമുറയിലെ തെറിച്ച പിള്ളെര്‍ക്കു ഒരു അര റോള്‍ മോഡലാകനും വേണ്ടി ബാംഗ്ലൂരിലോട്ടു ഇറങ്ങി തിരിച്ച എന്നെക്കൊണ്ടു " അവനൊക്കെ എവിടെയെത്തിയാലും തെണ്ടി തിരിഞ്ഞു തിരിഞ്ഞു അവസാനം നാട്ടിലെ എത്തൂ" എന്നു പറയിപ്പിക്കെണ്ടി വരുമല്ലൊ എന്നോര്‍ത്തു അന്നു രാത്രി ഒരു പോള കണ്ണച്ചില്ല.

പിറ്റേദിവസം രാവിലെയാകുമ്പോഴുക്കും ഞാന്‍ ഒരു തീരുമാനത്തില്‍ എത്തിചേര്‍ന്നു. ഒരു ജോലി കിട്ടിയതിനു ശേഷം മാത്രമേ തിരിച്ചു പോക്കിനെ പറ്റി ചിന്തിക്കുകയുള്ളൂ.

ചൊട്ടയിലേ ശീലം ചുടല വരെ. ഞാന്‍ വീണ്ടും സ്വപ്നം കണ്ടു തുടങ്ങി.