Saturday, December 30, 2006

ശ്രീകുമാറും സ്വാമിയേട്ടനും

ആദ്യമായി ബാംഗ്ലൂരു വരുന്ന ആര്‍ക്കും വേണ്ടപ്പെട്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന തങ്കപ്പെട്ട വ്യക്തിയാണു സ്വാമിയേട്ടന്‍. സ്വാമിയേട്ടനോടു ചോദിച്ചാല്‍ അറിയാത്ത ബാംഗ്ലൂര്‍ ഇല്ല. അതിനി ഇങ്ങെത്തലക്കലുള്ള ജാലഹള്ളി അയ്യപ്പ ക്ഷേത്രം ആയിക്കോട്ടെ അല്ല മറ്റേത്തലക്കലുള്ള ബി.പി.ല്‍ ഫാക്റ്ററി, കെ.ര്‍ പുരം ആയിക്കോട്ടെ എവിടെ പോവണം എന്നു പറഞ്ഞാ മതി. ബസ്സ്‌ നമ്പറും, സമയവും എന്തിനു ബസ്സിലെ തിരക്കും വരെ കൃത്യമായി പറഞ്ഞു തരും സ്വാമിയേട്ടന്‍. ഇ.ജി. പുരയിലേയും പരിസരങ്ങളിലെയും ടാക്സി,ഓട്ടോ ഡ്രൈവര്‍സ്‌ പോലും സ്വാമിയേട്ടനോടു വഴി ചോദിക്കുന്നതു അദ്ദേഹത്തിന്റെ പ്രശസ്തി പറഞ്ഞറിയിക്കുന്നു.

മൊബയിലും ലാന്റ്‌ ലൈനും തമ്മിലുള്ള വ്യത്യാസം സിദ്ദാര്‍ത ബസുവിനു പോലും അറിയാതിരുന്ന 90' കളുടെ ആദ്യ പകുതിയിലാണു ശ്രീ ശ്രീകുമാര്‍ ഐ.ടി.ഐയില്‍(ഇന്ത്യന്‍ ടെലെഫോണ്‍ ഇന്റസ്റ്റ്രീസ്‌) ഇന്റര്‍വ്യൂവിനെത്തുന്നതു.

മമ്മൂട്ടിയുടെ സുന്ദരമായ മുഖവും അമിതാഭ്‌ ബചന്റെ ഉയരവും സുരേഷ്‌ ഗോപിയുടെ ഗോപിയുമുള്ള ശ്രീകുമാര്‍ വാക്‌ സാമര്‍ത്യതിലും അഗ്രഗണ്യനായിരുന്നു. ആദ്യ ഇന്റര്‍വ്യൂീല്‍ തന്നെ ജോലി കിട്ടുക എന്ന കാര്യത്തില്‍ ശ്രീകുമാറിനു യാതൊരു സംശയവും ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ക്കതുണ്ടാവാന്‍ കാരണം അങ്ങനെയാണെങ്കില്‍ അതൊരു റെക്കോര്‍ഡു ആയിരിക്കും എന്നതുകൊണ്ടു മാത്രമാണു..

"നിങ്ങള്‍ എനിക്കു വഴി പറഞ്ഞു തരൂ ബാക്കി കാര്യം ഞാനേറ്റൂ."
എന്നു പറഞ്ഞപ്പോള്‍ എല്ലവരും മനസില്‍ പരഞ്ഞു ഇവനാണു ആണ്‍കുട്ടി.

അങ്ങനെ ആകാംക്ഷയുടെ ആണിമുനയിലേക്കു ഞങ്ങളെ തള്ളിയിട്ടു ശ്രീകുമാര്‍ യാത്രയായി.

ഐ.ടി.ഐയിലേക്കു ഞങ്ങള്‍ പറഞ്ഞു കൊടുത്ത വഴി ഒന്നു വെരിഫൈ ചെയ്യാലോ എന്നു കരുതിയാണു ശ്രീകുമാര്‍ സ്വാമിയേട്ടന്റെ ചായക്കട കം എസ്‌.ടി.ഡി ബൂത്തില്‍ കയറിയതു.

"ഓ.കെ. നീ ആദ്യമായി ബാംഗ്ലൂരിലേക്കു വന്നതല്ലേ, കന്നഡ, തമിള്‍, ഹിന്ദി, ഇംഗ്ലീഷ്‌ ഇതില്‍ എതു ലാങ്ങൈജു ആണു നിനക്കു പിടിപാടു?". സ്വാമിയേട്ടന്‍ ശ്രീകുമാറിനോടു ചോദിച്ചു.

"സ്വാമിയേട്ടന്‍ പറഞ്ഞ ലിസ്റ്റില്‍ മലയാളം ഇല്ല അല്ലേ?" ശ്രീകുമാറിന്റെ മറുമൊഴി.

"എനിവേയ്‌ ഇതൊന്നും നിനക്കറിയാത്ത സ്ധിതിക്കു ഇന്‍സ്റ്റ്രക്ഷന്‍സ്‌ ഫോളോ ചെയ്തോളു.
"1. 141 ശിവാജി നഗര്‍ ബസ്സ്‌ പിടിക്കുക."
"2. കണ്ടക്ടറൊടു മേയൊ ഹാള്‍ എന്നു പറയുക"
"3. 1.25 ചില്ലറയായി കൊടുക്കുക. (മൊത്തം ചില്ലറായി കൊടുത്തോളൂ.)"
"4...
"5..."10."

"ഇനി പോകുന്ന വഴിയില്‍ ആരെങ്കിലും നിന്നോടു കന്നടയില്‍ എന്തെങ്കിലും ചോദിച്ചാല്‍ തന്നെയും ഈ ഒരു വാക്കു ഉപയോഗിച്ചാ മതി."

" 'ഗുത്തില്ല'. ഇതിന്റെ മലയാള പരിഭാഷ 'അറിയില്ല' " എന്നാണു.

"ഇനി അധവാ പറയുന്ന ആളോടു ഒരു ഈച്ച ബഹുമാനം കാണിക്കണം എന്നുണ്ടെങ്കില്‍
'ഗുത്തില്ല സാര്‍ ' എന്നു പറഞ്ഞാ മതി".

ഏതു പ്രതിസന്ധിയിലും എടുത്തുപയോഗിക്കന്‍ പറ്റുന്ന ഒരായുധം തന്നതിനു ശ്രീകുമാറിനു സ്വാമിയേട്ടനോടു എന്തെന്നില്ലത്ത മതിപ്പു തോന്നി. ഇനി ജോലി കിട്ടിയില്ലെങ്കിലും സ്വാമിയേട്ടനു ഒരു പാര്‍ട്ടി കൊടുത്തേക്കാം എന്നു തീര്‍ച്ചപെടുത്തുകയും ചെയ്തു.

ബസ്സില്‍ നല്ല തിരക്കുള്ള കാരണം ആളുകളാല്‍ തള്ളപ്പെട്ടു ശ്രീകുമാര്‍ മുന്‍നിരയില്‍ ലേടീസ്‌ കൂട്ടെത്തില്‍പ്പെട്ടു. ഡോക്റ്റര്‍ കല്‍പിച്ചതും രോഗി ഇച്ചിചതും വിസ്കി എന്ന കൂട്ടെത്തില്‍പ്പെട്ടയാളാണെങ്കിലും ഒരു ബാംഗ്ലൂര്‍ സഭാകമ്പം കാരണം എങ്ങും തൊടാതെയും തോണ്ടാതെയും കമ്പിയില്‍ തൂങ്ങി പുറം കാഴ്ചകള്‍ കണ്ടുനിന്നു. കണ്ടക്റ്റര്‍ ടിക്കറ്റ്‌ കൊടുക്കുമ്പോള്‍ ടിക്കറ്റ്‌ നോക്കിക്കൊണ്ടു
"കുറച്ചു പിറകോട്ടുമാറി നിന്നോളൂ"
എന്നു പച്ച മലയളത്തില്‍ പറയാഞ്ഞതിനാല്‍ ഇതൊന്നും നമുക്കു ബാധകമാവില്ല എന്നു കരുതി നിന്ന നില്‍പില്‍ത്തന്നെ നിലയുറപ്പിച്ചു. സെക്കന്റ്‌ റൗണ്ടിനു വന്നപ്പോള്‍ ശ്രീകുമാറിന്റെ അനങ്ങാപ്പാറ നയം കണ്ടു കലി കയറിയ കണ്ടക്റ്റര്‍

"നിന്നോടല്ലെ പിന്നിലേക്കു മാറിനിക്കാന്‍ പറഞ്ഞതു; നീ ആണോ പെണ്ണോ???"

ചോദ്യം കന്നടയിലാണെങ്കിലും വികാരങ്ങളുടെ തീഷ്ണത അറിയാന്‍ ഭാഷ ഒരിക്കലും പ്രശ്നമാവില്ല എന്ന തത്വം വീണ്ടും തെളിയിക്കപ്പെട്ടു കൊണ്ടു ഇനി രക്ഷയില്ല വജ്രായുധം കൊണ്ടേ ഇതു തടുക്കാന്‍ പറ്റൂ എന്നു വിശ്വസിച്ചു ശ്രീകുമാര്‍ പറഞ്ഞു

"ഗുത്തില്ല"
"ഗുത്തില്ല സാര്‍"

കൊടുങ്കാറ്റിനു മുന്‍പുള്ള 1/4 സെക്കന്റ്‌ നേരത്തെ നിശബ്തതക്കു ശേഷം ബസ്സില്‍ മുഴുവന്‍ കൂട്ടച്ചിരികള്‍ മുഴങ്ങി. ആ സാധു യുവാവിന്റെ മര്‍മ സ്താനത്തെക്കു ചിലര്‍ നോട്ടം എറിഞ്ഞു. ചിലര്‍ കുട കൊണ്ടു കുത്തിക്കൊണ്ടു ചോദ്യചിഹ്നമെറിഞ്ഞു. ഒടുവില്‍

"അയ്യൊ എനിക്കൊന്നും അറിയില്ലായെ, ഞാന്‍ ഒരു മലയാളി ആദ്യമായി ഇവിടെ ഇന്റര്‍വ്യൂവിനു വന്നതാണെ"

എന്നു വിളിച്ചു കൂവുകയും മറ്റൊരു മലയാളിയാല്‍ രക്ഷപ്പെടുകയും ചെയ്തു.

സ്വാമിയേട്ടനെ വിശ്വാസം വരാതെയോ എന്തോ, അന്നു രാത്രി തന്നെ ശ്രീകുമാര്‍ മജെസ്റ്റിക്കില്‍ പോയി "17 ദിവസം കൊണ്ടു കന്നട" പുസ്തകം വാങ്ങുകയും ആദ്യമായി ഗുത്തില്ല എന്നതിന്റെ അര്‍തം നോക്കികണ്ടുപിടിക്കുകയും ചെയതതായി പറയപ്പെടുന്നു.

3 comments:

Achoos said...

സുഹ്രുത്തുക്കളേ,
ഇതിനു മുന്‍പു ഇതേ വിഷയം ആരെങ്കിലും കൈകാര്യം ചെയ്തിട്ടുണ്ടോ എന്നെനിക്കറിയില്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ ഇതു പിന്‍വലിക്കന്‍ താല്‍പര്യപ്പെടുന്നു.

Kiranz..!! said...

അച്ചൂസേ..എന്നിട്ട് ഞാന്‍ കണ്ടില്ലല്ലോ ഈ സ്വാമിയേട്ടനേ..:)

Achoos said...

കിരന്‍, നന്ദി.
സ്വാമിയേട്ടന്‍ ഇപ്പോള്‍ മത്തിക്കരയിലോ പരിസരപ്രദേശങ്ങളിലോ കുടിയേറിപ്പാര്‍ത്തു എന്നാണു ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്‌. കിരണിനു ഏതെങ്കിലും വഴി അറിയാനുണ്ടോ.... :)