Tuesday, January 16, 2007

ഒരു ഇന്റലിജെന്റ്‌ കോഴിക്കളവ്‌

ലോക ജനസംഖ്യയുടെ 95% വരുന്ന ഭൂരിഭാഗവും ചിക്കന്‍ ആക്രാന്തകാരികളായിട്ടും ആടിനും മാടിനുമല്ലാതെ കോഴികള്‍ക്കെന്തുകൊണ്ടു അറ്റ്‌ലീസ്റ്റ്‌ നാലു കാലെങ്കിലും കൊടുക്കാത്തതെന്നു ആണ്ടവനോടു പരാതി പറഞ്ഞു നടന്നിരുന്ന കോളേജ്‌ കാലം.

പില്‍ക്കാലത്തു ശനിയുടെ അപഹാരത്താല്‍ ചീട്ടു കളിയിലേക്കു മൂക്കു കുത്തിയെങ്കിലും നല്ല കാലത്തു ഫുട്ബാള്‍,ക്രിക്കറ്റ്‌,ഷട്ടില്‍ മഴക്കാലത്തു കാരംസ്‌, ചെസ്സ്‌, ക്വിസ്സ്‌ എന്നീ സദുദ്ദേശങ്ങളുമായി അവിടെയും ഇവിടെയും മീശ മുളച്ചു വരുന്ന 7 യുവജനങ്ങളാല്‍ ജന്മം കൊണ്ട സാരംഗ്‌ ക്ലബ്‌ ഭാരവാഹികളുടെ ഭവനങ്ങളില്‍ സാധരണ ഗതിയില്‍ കൂലിപ്പണിക്കാര്‍ ചെയ്തു പോന്നിരുന്ന ചെങ്കല്‍ ലോഡിംഗ്‌/അണ്‍ലോഡിംഗ്‌, അലക്കുകല്‍ പാകല്‍, മരം ലോഡിംഗ്‌, 500ലൊ അധിലധികമോ തേങ്ങ ഉരിക്കല്‍, പ്രസവശുഷൂസ്ര മരുന്നു മേകിംഗ്‌ തുടങ്ങിയ കായികക്ഷമത അത്യാവശ്യമായ പല ജോലികളും "ഇറച്ചിയും പൊറോട്ടയും" എന്ന മാസ്മരിക ഓഫറിന്റെ പുറത്തു തടി നോക്കാതെ അറ്റന്റ്‌ ചെയ്തിരുന്ന കാലം.

ഒത്തു പിടിച്ചാല്‍ മലയും പോരും എന്ന ഒറ്റ പ്രൊവെര്‍ബില്‍ വിശ്വസിച്ച്‌ രാവിലെ ആവേശത്തോടെ ആരംഭിക്കുന്ന കലാമേള ഒരുച്ച മൂന്ന്‌ മൂന്നര ആവുമ്പോഴേക്കും പണ്ടാരമടങ്ങിയിട്ട്‌ എങ്ങനെയെങ്കിലും തീര്‍ന്നു കിട്ടിയാ മതിയാരുന്നു എന്ന മാനസികാവസ്ഥ കൈവരിക്കും.

അങ്ങനെ വൈകുന്നേരം കുളിച്ചു കഴിയുമ്പോളേക്കും ഒന്നു കിടക്ക കണ്ടാല്‍ സ്വര്‍ഗ്ഗം എന്ന ശക്തമായ പ്രലോഭനത്തെ അതിജീവിച്ചു കൊണ്ടു ചായക്കടയില്‍ എത്തിയാല്‍ തന്നെയും ഇറച്ചിയും പൊറോട്ടയിലെ ഇറച്ചി എപ്പോഴും ബീഫ്‌ ആയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില വ്യത്യാസം പോലെ ഒരു ചിക്കന്‍ കറിക്കു 10 ബീഫ്‌ കറി കിട്ടുന്നതായിരുന്നു പ്രധാന കാരണം.

അക്കാലത്തു വല്ലപ്പോഴും വയറു നിറച്ചു കോഴിക്കാല്‍ കഴിക്കണമെങ്കില്‍ നാട്ടില്‍ നല്ല നിലയിലെത്തിയ ഗള്‍ഫുകാരന്‍ കല്യണം കഴിക്കാന്‍ തീരുമാനിക്കുകയും അതിനു നമ്മളെ വിളിക്കുകയും വേണം. ഒരാള്‍ നല്ല നിലയിലെത്തിയോ എന്നറിയാനുള്ള ചുരുക്കം ചില ആസിഡ്‌ ടെസ്റ്റുകളിലൊന്നു അയാളുടെ കല്യാണത്തിനു ചിക്കന്‍ ബിരിയണി വിളമ്പിയോ എന്നതാണു. അങ്ങനെ അതിബുദ്ധിമാന്മാരായ പല ഗള്‍ഫുകാരും എന്റെ ചേട്ടനടക്കം സാമ്പത്തികശേഷി ഇല്ലെങ്കിലും ഞാനും ഒരു നിലയില്‍ എത്തി എന്നു മാലോകരെ ജസ്റ്റ്‌ അറിയിക്കുവന്‍ വേണ്ടി മാത്രം ചിക്കന്‍ ബിരിയാണി പ്ലാന്‍ ചെയ്യുകയും കുടുംബം വെളുക്കുകയും ചെയ്യാറുണ്ട്‌.

സംഭവം എന്തായാലും ഇങ്ങനെയുള്ള പാര്‍ടികളില്‍ എല്ലായ്പോഴും വളരെ എക്സ്‌പിരീന്‍സ്ഡ്‌ ആയ ആളുകളെക്കൊണ്ടു മാത്രമേ ചിക്കന്‍ വിളമ്പിക്കാറുള്ളൂ.അങ്ങനെ കമ്പ്ലീറ്റ്‌ സ്ക്രീനിംഗ്‌ ടെസ്റ്റ്‌ കഴിഞ്ഞു വരുന്ന ഇത്തരക്കാര്‍ക്ക്‌ ചിക്കനോടൊന്നും യാതൊരു ആഭിമുഖ്യവും ഉണ്ടാവില്ലത്രേ. നോക്കിയും കണ്ടും വിളമ്പാനറിയുന്നവരു. വീട്ടിലെ കാര്‍ന്നോര്‌ "എടാ ദിനേശ, അവിടെക്കൊട്‌, ഇവിടെക്കൊട്‌, മറ്റവിടെക്കൊട്‌" എന്നു പറഞ്ഞാല്‍പ്പോലും ആത്മസംയമനം വിടാത്തവര്‍. കമ്പ്ലീറ്റ്‌ ആത്മാര്‍തഥ. ദൂരദര്‍ശനില്‍ ഒളിമ്പിക്‌ ഹൈലൈറ്റ്‌ കാണുമ്പോള്‍ സ്വിമ്മിംഗ്‌ പൂള്‍ ഐറ്റം ഇപ്പം വരും ഇപ്പം വരും എന്ന പോലെ ഇങ്ങനെയുള്ള വിളമ്പുകാരെ കാത്തു കെട്ടിക്കിടക്കണം എന്നതായിരുന്നു ഇതിന്റെ ഏറ്റവും വലിയ സൈഡ്‌ ഇഫ്ഫക്റ്റ്‌.

അണ്ടലൂര്‍ കാവുത്സവം കഴിഞ്ഞതിന്റെ പിറ്റേന്നു ഗ്രാമം ഞെട്ടിയുണര്‍ന്നതു ചൂടുള്ള മറ്റൊരു വാര്‍ത്തയുമായാണു. ടി. ജി. രവി അഥവാ സുധാകരേട്ടന്റെ വീട്ടില്‍ നിന്നും മൂന്നു കോഴികള്‍ മോഷണം ചെയ്യപ്പെട്ടു. രണ്ടു പിട, ഒരു പൂവന്‍. പിടകള്‍ പോയാല്‍ പോവട്ടെ എന്നു വയ്ക്കാം. ആകെക്കൂടിയുള്ള നാലു പിടകള്‍ക്കൊരു പൂവനാണു തട്ടിപ്പോയത്‌. പൂവനില്ലാത്ത അയല്‍വാസി നാണിയമ്മയുടെ വീടും ശോകമൂകമായി നിലകൊണ്ടു. ആ വീട്ടില്‍ അന്നു അടുപ്പു പുകഞ്ഞില്ല,ആരും കഞ്ഞി കുടിച്ചില്ല. അകാലത്തില്‍ വിധവകളായ തന്റെ പിടകളെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു, കട്ടവനെ മനം നൊന്തു ശപിച്ചു.

സുധാകരേട്ടന്‍ ആളു പിശകാണു. വെട്ടൊന്നു മുറി രണ്ടു എന്നാണു പ്രമാണം. "കട്ടവന്റെ കൈ ഞാന്‍ വെട്ടും" എന്ന പരസ്യ പ്രഖ്യാപനത്തോടെ രംഗം കൊഴുത്തു. ഒരു കാലത്തു സന്തത സഹചാരിയായിരുന്നതും പിന്നീട്‌ ബദ്ധ ശത്രുവുമായ രാമുവേട്ടനെയാണു എല്ലാവര്‍ക്കും സംശയം. ചത്തതു ജോസ്‌ പ്രകാശ്‌ അപ്പ പിന്നെ കൊന്നതു പ്രേം നസീര്‍ തന്നെ. ആളുകള്‍ അടക്കം പറഞ്ഞു. പലരും രാമുവേട്ടനോടു കുറച്ചു ദിവസം മാറി നില്‍ക്കാന്‍ പറഞ്ഞു. എന്നാല്‍ രാമുവേട്ടന്‍ യാതൊരു കൂസലുമില്ലാതെ

"അവന്റെ രണ്ടു കോഴികളെ കോന്നിട്ടു വേണ്ടേ എനിക്കാളാവാന്‍"

എന്ന ഫ്രേസില്‍ തിരിച്ച്‌ ആര്‍ഗ്യൂ ചെയ്തു. അവനല്ലെങ്കില്‍ പിന്നെ ആരു? സുധാകരേട്ടെനെയും നാണിയമ്മയെയും പോലെ നട്ടുകാര്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു കളിച്ചു.

അതിവിദഗ്ദമായി അസൂത്രണം ചെയ്യപ്പെട്ട്‌ യതൊരു തെളിവും, ഫിങ്കര്‍ പ്രിന്റ്‌ പോലും അവശേഷിപ്പിക്കതെയാണു ഒപറേഷന്‍ നടത്തപ്പെട്ടതു. ഒടുവില്‍ കട്ടവനെ കിട്ടാതെ

"അവനെ പിന്നീട്‌ എടുത്തോളാം" എന്ന പ്രഖ്യാപനത്തോടെ സുധാകരേട്ടന്‍ രംഗത്തു നിന്നു പിന്‍വാങ്ങി.

സുധകരേട്ടന്‍ അയാളുടെ വഴിക്കും കാലം അതിന്റെ വഴിക്കും സഞ്ചരിച്ചു ഒരൊന്നൊന്നരക്കൊല്ലം കഴിഞ്ഞു.

വൈകുന്നേരത്തെ ഫുട്ബാളും കഴിഞ്ഞു തളര്‍ന്നവശരായി മൈതാനത്തു കിടന്നു ആകശത്തിലെ നക്ഷത്രങ്ങളെ നോക്കി നാട്ടിലെ സദാചാര നിലവാരം മാറ്റിമറിക്കാനുതകുന്ന പുതിയ 'സോപ്പിന്റെ' രംഗ പ്രവേശ ഡിസ്‌കഷനിടക്കാണു സതീഷ്‌ ഞെട്ടിക്കുന്ന ആ സത്യം വെളിപ്പെടുത്തിയതു.

"ടി.ജി രവിയുടെ വീട്ടില്‍ നടന്ന കോഴി മോഷണം അസൂത്രണം ചെയ്യപ്പെട്ടതു എന്റെ തലയിലാണു."

തലയില്‍ കൈ വച്ചിരുന്നു പോയി, ഏതെന്ത്‌ തര്‍ക്കം വന്നാലും അത്‌ കാരംബോര്‍ഡ്‌ ആയിക്കോട്ടെ, ക്രിക്കറ്റ്‌ ആയിക്കോട്ടെ, എല്ലാം തീര്‍പ്പാക്കാന്‍ കഴിവുള്ള പ്രതിഭാശാലി. തുടര്‍ന്നങ്ങോട്ടു കമ്പ്ലീറ്റ്‌ ഓപറേഷന്‍ ചിക്കന്‍ സ്റ്റാര്‍ വെളിവാക്കപ്പെട്ടു.

എല്ല ദിവസവും ടി.ജി രവിയുടെ വീട്ടിലെ കോഴികളെ കാണുമ്പോള്‍ ആര്‍ത്തി കൂടി കൂടി മാനസികം ആവുമോ എന്ന വിഭ്രാന്തി മൂലമത്രെ സതീഷ്‌ അതു ചെയ്തത്‌.

ആ സതീഷ്‌ ഇന്നു ഇന്റലിജന്‍സ്‌ ബ്യുറോയില്‍ ജോലി ചെയ്യുന്നു.

15 comments:

Achoos said...

ഈ ചിക്കന്‍ ആര്‍ത്തി മാനസിക രോഗമാണോ എന്നു ഞാനും സതീഷും പലവട്ടം സംശയിച്ചിട്ടുണ്ടു. ആ സുഹ്രുത്തിന്റെ കല്യാണം അടുത്ത ഞായറാഴ്ച. ആശംസകള്‍.

Anonymous said...

കൊള്ളാം ആളു പുലി തന്നെയാണു. സംശയമില്ല.
പക്ഷേ കഥയുടെ മൊത്തം നിലവാരത്തോടു നീതി പുലര്‍ത്താന്‍ ക്ലൈമാക്സിനായില്ലെന്നൊരു തോന്നല്‍. പിന്നെ അല്പം ചില അക്ഷരത്തെറ്റുകളും.

ഭാവുകങ്ങള്‍

Nousher

ചേച്ചിയമ്മ said...

കോഴിക്കഥ കലക്കി.സതീഷിനെപ്പോലെയുള്ളവരെയാണ്‌ ഐ.ബി.ക്കാവശ്യം.

Rasheed Chalil said...

വല്ലപ്പോഴും വയറു നിറച്ചു കോഴിക്കാല്‍ കഴിക്കണമെങ്കില്‍ നാട്ടില്‍ നല്ല നിലയിലെത്തിയ ഗള്‍ഫുകാരന്‍ കല്യണം കഴിക്കാന്‍ തീരുമാനിക്കുകയും അതിനു നമ്മളെ വിളിക്കുകയും വേണം. ഒരാള്‍ നല്ല നിലയിലെത്തിയോ എന്നറിയാനുള്ള ചുരുക്കം ചില ആസിഡ്‌ ടെസ്റ്റുകളിലൊന്നു അയാളുടെ കല്യാണത്തിനു ചിക്കന്‍ ബിരിയണി വിളമ്പിയോ എന്നതാണു.

ഇത് കൊള്ളാല്ലോ ചുള്ളാ...

Kaithamullu said...

കോള്ളാമല്ലോ, അച്ചുസേ;
‘നൊസ്റ്റാല്‍ജിയ’കൊണ്ട് രണ്ടു നിമിഷം കണ്ണടച്ചിരുന്നു പോയി.

ഞങ്ങളും ക്ലബ്ബിന്റെ പിറകില്‍ അടുപ്പുണ്ടാക്കി വല്ലപ്പോഴും ബീഫ് വാങ്ങിക്കറിയുണ്ടാക്കി കഴിക്കുമായിരുന്നു, കപ്പയുടെ കൂടെ.ചിക്കനൊക്കെ കക്കാന്‍ ആര്‍ക്കാ ധൈര്യം?

Kaithamullu said...
This comment has been removed by the author.
സുല്‍ |Sul said...

ഒരു ഇന്റലിജന്റ് കോഴിക്കളവ്.
അച്ചൂസെ കഥ കലക്കി. ഗൊട്ഗൈ.

-സുല്‍

Peelikkutty!!!!! said...

കോഴിക്കഥ കൊള്ളാലോ അച്ചൂസെ:)

G.MANU said...

chikkun gunya pitichchllalo alle mashey....
nannai...kadha

swagatham to brijviharam.blogspot.com

Achoos said...

അനോണിയേ, നന്ദി ആദ്യ കമന്റിന്‌. സത്യമാണ്‌ ക്ലൈമാക്സ്‌ നന്നാക്കാമായിരുന്നു, ചൂണ്ടിക്കാണിച്ചതിനു നന്ദി.

ചേച്ചിയമ്മ: നന്ദി. സതീഷ്‌ അവിടെ പുലിയാണെന്നാണു ഞാന്‍ കേട്ടത്‌.

ഇത്തിരിവെട്ടം: നന്ദി മാഷെ.

കൈതമുള്ള്‌: നൊസ്റ്റാല്‍ജിയ ഉണര്‍ത്താന്‍ പറ്റി എന്നറിഞ്ഞതില്‍ സന്തോഷം.

സുല്‍: നന്ദി."ഒരു ഇന്റലിജന്റ് കോഴിക്കളവ്" എനിക്കതു ഇഷ്ടമായി. ഞാന്‍ അതെടുത്തോട്ടെ ടൈറ്റിലിനു വേണ്ടി?

പീലിക്കുട്ടി: നന്ദി. കഥ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.

ജി.മനു.നന്ദി. അക്കാലത്തു ഭാഗ്യത്തിനു അങ്ങനെയുള്ള വൈറസുകള്‍ ഒന്നും ജന്മം കൊണ്ടില്ലായിരുന്നു.

Achoos said...
This comment has been removed by the author.
Achoos said...

ടെസ്റ്റ്‌ മെസ്സേജ്‌

Visala Manaskan said...

"അകാലത്തില്‍ വിധവകളായ തന്റെ പിടകളെ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു"

ഹഹഹഹ... അതലക്കി‍ അച്ചൂസെ...

അയല്പക്കത്തുള്ള പുവര്‍ ചാത്തന്‍ ബോയ്സ്!!

അടുത്തത് പൊരട്ടേ...അടുത്തത് പൊരട്ടേ...

Achoos said...

വിശാല്‍ ഭായി: നന്ദി!, നമ്മുടെ കയിലൊക്കെ വളരെ കുറച്ചു സംഭവങ്ങളേ പറയാനുള്ളൂ. ന്നാലും വീണ്ടും വരിക കൊടകര ചരിത്രകാരേട്ടാ.

chithrakaran ചിത്രകാരന്‍ said...

ഒരു കൊഴി വിദഗ്ദമായി മോഷ്ടിക്കാനുള്ള കഴിവെങ്കിലുമില്ലെങ്കില്‍ അയാളെ ഇന്റലിജന്‍സിലല്ല, പൊലീസില്‍പ്പോലും എടുക്കാന്‍ കൊള്ളില്ല.